ചെലവ് മുഴുവന്‍ സാധാരണക്കാര്‍ വഹിക്കണം; കെഎസ്ഇബിയുടെ പുതിയ നീക്കം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വാങ്ങിയതിനുള്ള ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനുള്ള നീക്കവുമായി കെഎസ്ഇബി. 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ വാങ്ങിയ വൈദ്യുതിക്കാണ് അമിത നിരക്ക് ഈടാക്കാന്‍ നീക്കം നടക്കുന്നത്. യൂണിറ്റിന് 32 പൈസ എന്ന നിലയില്‍ അമിത ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് വാങ്ങിയെടുക്കണമെന്ന ആവശ്യവുമായി റെഗുലേറ്ററി കമ്മീഷനെ സമീപ്പിച്ചു.

വൈദ്യുതി വാങ്ങുന്നതിനായി 745.86 കോടി രൂപയാണ് കെഎസ്ഇബി ചെലവാക്കിയത്. ജലവൈദ്യുത ലഭ്യത ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് അമിത വൈദ്യുതി വാങ്ങിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മഴ കുറവായത് കാരണം ജലവൈദ്യുത പദ്ധതികളില്‍ നിന്ന് പ്രതീക്ഷിച്ച പോലെ വൈദ്യുതി ഉത്പാദനം നടന്നില്ല. ഈ വര്‍ഷത്തില്‍ ചൂട് കാലാവസ്ഥ റെക്കോഡ് രേഖപ്പെടുത്തിയിരുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മഴ കുറവായതിനെ തുടര്‍ന്ന് 1477 ദശലക്ഷം യൂണിറ്റ് വൈദ്യുതിയുടെ ഉത്പാദനമാണ് കുറഞ്ഞത്.

ബില്‍ഡ് ആന്‍ഡ് ഓപ്പറേറ്റ് (ഡി.ബി.എഫ്.ഒ.ഒ) പദ്ധതി പ്രകാരമുളള 465 മെഗാവാട്ട് വൈദ്യുതി വിതരണത്തിനുള്ള കരാറുകള്‍ റദ്ദാക്കിയതും പ്രതിസന്ധി സൃഷ്ടിച്ചു. ഈ കാലയളവില്‍ ഉണ്ടായ വൈദ്യുതി ഉപഭോഗത്തിലെ അസാധാരണമായ വര്‍ദ്ധനവും വെല്ലുവിളികള്‍ ഉയര്‍ത്തിയതായി കെഎസ്ഇബി വ്യക്തമാക്കുന്നു.യൂണിറ്റിന് 5.05 രൂപയായിരുന്നു 2023-24 ലെ ശരാശരി വൈദ്യുതി വാങ്ങല്‍ ചെലവ്. 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം വൈദ്യുതി വാങ്ങല്‍ ചെലവ് 12,982.63 കോടി രൂപയായി ഉയര്‍ന്നതായും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. കെഎസ്ഇബിയുടെ ഹര്‍ജി റെഗുലേറ്ററി കമ്മീഷന്‍ മേയ് 27ന് പരിഗണിക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *