കേരള സർവകലാശാലയിൽ എസ്‌എഫ്ഐയും വൈസ് ചാൻസലറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്‌എഫ്ഐയും വൈസ് ചാൻസലറും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. നിലവിലെ സർവകലാശാല യൂണിയൻ അസാധുവാക്കിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. പുതിയ യൂണിയൻ തിരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിക്കുമെന്നും വിസി അറിയിച്ചു. യൂണിയന്റെ കാലാവധി ഇതിനകം അവസാനിച്ചതിനാൽ സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് സർവകലാശാലയുടെ വിശദീകരണം. പുതിയ യൂണിയനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ വൈകിയെന്നും വിസി വ്യക്തമാക്കി.
ഈ യൂണിയന്റെ കാലത്ത് കഴിഞ്ഞ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നും പുതിയ കലോത്സവം അടുത്ത ഭരണസമിതിയാണ് നടത്തേണ്ടതെന്നുമാണ് വിസിയുടെ നിലപാട്. അതേസമയം, വിസിയുടെ നടപടി വെറും പ്രതികാരമാണെന്ന് എസ്എഫ്ഐ ആരോപിച്ചു. കലോത്സവം നടത്താത്തതിലും കായിക വിദ്യാർത്ഥികൾക്ക് ടി.എ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് സർവകലാശാല ആസ്ഥാനത്ത് വിദ്യാർത്ഥികൾ സമരം നടത്തുകയാണ്. ഇതിന് പിന്നാലെയാണ് യൂണിയൻ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ഒരു ഭരണസമിതിയുടെ കീഴിൽ രണ്ട് കലോത്സവം നടത്താനാകില്ലെന്നാണ് വിസിയുടെ നിലപാട്. എന്നാൽ വിദ്യാർത്ഥികളുടെ അവകാശം തടയുന്നുവെന്നാണ് എസ്‌എഫ്ഐയുടെ ആരോപണം.



