‘സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന’ ജി സുധാകരനെ കാണാതെ മുഖ്യമന്ത്രി മടങ്ങി

ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല. ഇന്ന് ആലപ്പുഴയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി അനുനയ നീക്കത്തിന്റെ ഭാഗമായി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സുധാകരന്റെ വീടിനടുത്തുള്ള മങ്കൊമ്പിലെ എ സി റോഡ് ഉദ്ഘാടനച്ചടങ്ങുകഴിഞ്ഞ് മുഖ്യമന്ത്രി പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന സ്ഥലത്തേക്ക് പോവുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി സുധാകരന്റെ വീട്ടിൽ എത്തില്ലെന്ന് വ്യക്തമായി.

ഇന്ന് രാവിലെ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ ലൈവ് സുധാകരന്റെ ഫേസ്ബുക്ക് പേജിൽ നൽകിയിരുന്നു. മുഖ്യമന്ത്രി എത്തില്ലെന്ന് വ്യക്തമായതോടെ ഫേസ്ബുക്കിൽനിന്ന് ലൈവ് നീക്കംചെയ്തു. അനുമതിയില്ലാതെ അഡ്മിനാണ് ലൈവിട്ടതെന്നാണ് ജി സുധാകരൻ നൽകുന്ന വിശദീകരണം. ഉദ്ഘാടനത്തിന്റെ ലൈവിട്ടതോടെ സുധാകരൻ പാർട്ടിയോട് അടുക്കുന്നു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ജി സുധാകരൻ പൊതുമരാമത്ത്​ മന്ത്രിയായിരുന്ന കാലത്താണ് കായലിന്​ കുറുകെ നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കിയത്​.

ചടങ്ങിൽ പങ്കെടുക്കാനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ജി സുധാകരനെ ഫോണിലൂടെ ക്ഷണിച്ചിരുന്നു. എന്നാൽ കാലിന് പരിക്കേറ്റതിനാൽ നേരിട്ട് പങ്കെടുക്കില്ലെന്ന് സുധാകരൻ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. പൊതുപരിപാടികളിൽ ക്ഷണിക്കുന്നില്ലെന്ന സുധാകരന്റെ വിമർശനത്തിന് പിന്നാലെയാണ് മുഹമ്മദ് റിയാസ് ക്ഷണിച്ചതും ഉദ്ഘാടന നോട്ടീസിൽ മുഖ്യാതിഥിയായി ഉൾപ്പെടുത്തിയതും.

ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ജി സുധാകരൻ അറിയിച്ചിട്ടും അദ്ദേഹത്തിന്റെ പേര് നോട്ടീസിൽ ഉൾപ്പെടുത്തിയത് അനുനയനീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്.ഇന്നലെ അനുനയ നീക്കത്തിന്റെ ഭാഗമായി പാർട്ടി കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാതയും ജില്ലാ സെക്രട്ടേറിയറ്റംഗവും സുധാകരന്റെ ബന്ധുവുമായ ജി.ഹരിശങ്കറും പറവൂരിലെ വീട്ടിലെത്തി സുധാകരനുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ നിലപാടിൽ നിന്ന് മാറാൻ സുധാകരൻ തയ്യാറായില്ല.

അംഗത്വം പുതുക്കില്ലെന്നും അനുഭാവിയായി തുടരുമെന്നും പാർട്ടിയിൽ നിന്നും നേതൃത്വത്തിലെ ചിലരിൽ നിന്നുമുണ്ടായ അവഗണനകളെക്കുറിച്ചും സുധാകരൻ അവരോട് വ്യക്തമാക്കി. പലകുറി താൻ അവഗണന നേരിട്ട് അപമാനിതനായപ്പോൾ എവിടെയായിരുന്നു എന്ന് ചോദിച്ചെന്നും അറിയുന്നു. രാവിലെ 9.52ന് സുധാകരന്റെ വീട്ടിലെത്തിയ സുജാതയും ഹരിശങ്കറും 11.08നാണ് മടങ്ങിയത്.സ്വാഭാവികമായ കൂടിക്കാഴ്ച മാത്രമാണെന്നും, ഇടയ്ക്കിടെ ജി സുധാകരനെ കാണാൻ എത്താറുള്ളതാണെന്നുമാണ് മാദ്ധ്യമങ്ങളോട് സുജാത പ്രതികരിച്ചത്.അതൃപ്തി പരസ്യമാക്കിയതിനു ശേഷം ആദ്യമായാണ് ഒരു സി പി എം നേതാവ് സുധാകരനെ നേരിൽ സന്ദർശിക്കുന്നത്.

പാർട്ടി നിയോഗിച്ചതിനാലാണ്​ സി എസ്​ സുജാത ഉൾപ്പെടെയുള്ളവർ സുധാകരനെ വീട്ടിൽപോയി കണ്ടതെന്നും പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ട്​ പരിഹരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അംഗത്വം പുതുക്കാതെ അനുഭാവിയായി തുടരുന്ന സുധാകരൻ തിരഞ്ഞെടുപ്പുവേളയിൽ അതിരുവിട്ട പരാമർശങ്ങൾ നടത്തുമോ എന്ന് പാർട്ടിക്ക് ഭയമുണ്ട്. അങ്ങനെ ചെയ്താൽ ജില്ലയിലെ എന്നല്ല സംസ്ഥാനത്താകെത്തന്നെ പാർട്ടിയുടെ ജയസാദ്ധ്യതയെയും അത് ബാധിക്കും. ഇക്കാര്യം നന്നായി അറിയാവുന്നതിനാലാണ് അനുനയനീക്കത്തിന് പാർട്ടി തിരക്കിട്ട ശ്രമം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *