കൊമ്പുകോർത്ത് ഉദ്യോഗസ്ഥ ‘സിസ്റ്റവും’; തർക്കവും പ്രശ്നവും പരിഹരിക്കാതെ കണ്ണടച്ച് സർക്കാർ

തിരുവനന്തപുരം : വിടാതെ പിന്തുടരുന്ന പ്രശ്നങ്ങൾ ‘സിസ്റ്റത്തിന്റെ തകരാർ’ മൂലമാണെന്ന് ആവർത്തിക്കുന്ന സർക്കാർ, അതു പരിഹരിക്കാൻ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥർക്കിടയിലെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. ഐഎഎസ് ഉദ്യോഗസ്ഥർ ചേരിതിരിഞ്ഞു നിൽക്കുമ്പോൾ ഫലപ്രദമായി ഇടപെടാത്ത സർക്കാർ സ്ഥിതി സങ്കീർണമാക്കുകയാണ്.

ചീഫ് സെക്രട്ടറി എ.ജയതിലകും കൃഷി വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തും തമ്മിലുള്ള പോര് മാസങ്ങളായി തുടരുകയാണ്. ജയതിലകിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. 6 മാസമെന്ന സ്വാഭാവിക കാലാവധി പിന്നിട്ടിട്ടും സസ്പെൻഷൻ പിൻവലിക്കാത്തതിനു പിന്നിൽ ജയതിലക് ആണെന്ന നിലപാടിലാണു പ്രശാന്ത്.

ജയതിലകും ഐഎഎസ് ഉദ്യോഗസ്ഥനായ കെ.ഗോപാലകൃഷ്ണനും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും വ്യാജരേഖ ചമച്ചെന്നും ആരോപിച്ച പ്രശാന്ത്, സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ അനൗദ്യോഗിക പവർ ഗ്രൂപ്പുണ്ടെന്നും തുറന്നടിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയെന്ന ഗുരുതര കുറ്റത്തിനു സസ്പെൻഷനിലായ ഗോപാലകൃഷ്ണനെതിരായ നടപടി 6 മാസത്തിനു ശേഷം സർക്കാർ പിൻവലിച്ചിരുന്നു.

വിഷയത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രകടമായ ഭിന്നതയുണ്ട്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകുമായി കൊമ്പുകോർക്കാനിറങ്ങിയ സർക്കാരിനു ക്ഷതമേറ്റു. ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അശോകിനെ തദ്ദേശഭരണ പരിഷ്കരണ കമ്മിഷൻ അധ്യക്ഷൻ എന്ന അപ്രധാന തസ്തികയിലേക്കു മാറ്റാനുള്ള സർക്കാരിന്റെ ശ്രമം പാളി.

സർക്കാരിനെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അശോക് അനുകൂല വിധി നേടി. ഐപിഎസ് അസോസിയേഷൻ പ്രസിഡന്റും അഗ്നിരക്ഷാസേനാ മേധാവിയുമായ യോഗേഷ് ഗുപ്ത സംസ്ഥാന സർവീസിൽ മനംമടുത്ത് കേന്ദ്ര ഡപ്യൂട്ടേഷനിൽ പോകാൻ ആഗ്രഹിച്ചെങ്കിലും, അതിനാവശ്യമായ അനുമതി നൽകുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *