എമ്പുരാനിലെ ആ പാട്ട് പാടിയത് പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണെന്ന്;വെളിപ്പെടുത്തി ദീപക് ദേവ്

പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിലെ ‘എമ്പുരാനേ’ എന്ന ഗാനത്തിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ആ ഗാനം ആലപിച്ച കുട്ടി പൃഥ്വിരാജിന്റെ മകൾ അലംകൃത മേനോൻ ആണെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക് ദേവ്.

ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദീപക് ദേവ് ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിൽ ഇതാദ്യം വരുന്നത് ഒരു കുട്ടിയുടെ ശബ്‌ദത്തിലാണ്. ആ ഭാഗമാണ് അലംകൃത പാടിയത്. ചിത്രത്തിന്റെ ക്രെഡിറ്റ്‌സിലും അത് വച്ചിട്ടുണ്ടെന്നും ദീപക് ദേവ് പറ‌ഞ്ഞു.’തുടക്കത്തിൽ ഒരു മുതിർന്ന സ്‌ത്രീയുടെ ശബ്‌ദമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ചിത്രത്തിൽ കുട്ടിയുടെ കരച്ചിലിന്റെ ഭാഗമായതുകൊണ്ടാണ് കുട്ടിയുടെ ശബ്‌ദമാക്കാമെന്നും അലംകൃതയെക്കൊണ്ട് പാടിക്കാമെന്നും തീരുമാനിച്ചത്. ഇംഗ്ലീഷ് പാട്ടൊക്കെയാണ് മകൾ കൂടുതൽ കേൾക്കാറുള്ളതെന്നും ശ്രമിച്ചുനോക്കാമെന്നും പൃഥ്വി പറഞ്ഞു.

എന്നാൽ, ഇമോഷൻസുൾപ്പെടെ ഒറ്റപ്രാവശ്യം പറഞ്ഞുകൊടുത്തപ്പോൾ തന്നെ മനസിലാക്കി അഞ്ച് മിനിട്ടിൽ അലംകൃത പാടിക്കഴിഞ്ഞു. ഇന്ദ്രജിത്തിന്റെ മകളായ പ്രാർഥനയും ചിത്രത്തിൽ പാടിയിട്ടുണ്ട്’, ദീപക് ദേവ് കൂട്ടിച്ചേർത്തു.ഇന്നലെ രാവിലെ ആറുമണിയോടെയാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. കേരളത്തില്‍ 750 സ്‌ക്രീനുകളിലാണ് പ്രദര്‍ശനം. ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും പുറമേ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ വന്‍താരനിരയും ചിത്രത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *