നസീറുദ്ധീന്റെ നന്മയാൽ നാല് കുടുംബങ്ങൾക്ക് പാർപ്പിടം ഒരുങ്ങുന്നു

തിരുവനന്തപുരം:ദീർഘകാലം പ്രവാസിയായിരുന്നു പോങ്ങനാട് സബീൽ ഹൗസിൽ  നസീറുദ്ദീൻ.
വീടില്ലാത്ത മനുഷ്യർക്ക് വീട് ഒരുക്കുന്നതിന് കൈത്താങ്ങായി മാറിയിരിക്കുകയാണ് ഈ മനുഷ്യൻ. സംസ്ഥാന സർക്കാരിന്റെ  ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട നാലു കുടുംബങ്ങൾക്കാണ് നസീറുദ്ദീൻ തന്റെ ഭൂമി വിലയാധാരമായി നൽകിയത്. പഞ്ചായത്ത് വീട് അനുവദിച്ചു എങ്കിലും സ്ഥലമില്ലാത്തതിനാൽ ബുദ്ധിമുട്ടുകയായിരുന്നു നാലു കുടുംബങ്ങളും. ഈ സാഹചര്യത്തിലാണ് നസീറുദ്ദീൻ അവർക്ക് സ്ഥലം വാഗ്ദാനം ചെയ്തത്.

കിളിമാനൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന, ഭിന്നശേഷിക്കാരും ദളിത് കുടുംബാംഗങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആകുന്നത്. ഈ കുടുംബങ്ങളിൽ പലരും ബന്ധുവീടുകളിലും വാടകവീടുകളിലും ഒക്കെ കഴിയുന്നവരാണ്. ഇവരുടെ നിർദ്ധനാവസ്ഥ മനസ്സിലാക്കിയ ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുകയായിരുന്നു.

എന്നാൽ വീടുവയ്ക്കാൻ ഇടമില്ലാതെ വന്നത് വെല്ലുവിളിയായി. അപ്പോഴാണ് നസീറുദ്ദീൻ തന്റെ 20 സെന്റ് ഭൂമി ഇവർക്ക് വീട് വയ്ക്കാൻ  വിലയാധാരം നൽകിയത്.

ഭൂമിയിലേക്ക് സ്വന്തം ഭൂമിയിൽ നിന്നും ഗതാഗതത്തിന് സ്വന്തം ചെലവിൽ മൂന്നു മീറ്റർ വീതിയിൽ റോഡും നിർമ്മിച്ചിട്ടുണ്ട്.
കിളിമാനൂർ സബ് രജിസ്ട്രാർ ആഫിസിൽ വച്ച് ഭൂമി രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി ആളുകളുടെ സാന്നിധ്യത്തിൽ ആയിരുന്നു രജിസ്ട്രേഷൻ.

പോങ്ങനാട് സ്വദേശികളായ ഈ നിർധന കുടുംബങ്ങളുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കുകയും അതിനുവേണ്ടി സ്വന്തം ഭൂമി വിട്ടു നൽകുകയും ചെയ്ത നസീറുദ്ദീന്റെ പ്രവർത്തിയെ പ്രകീർത്തിക്കുകയാണ് നാട്ടുകാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *