ഇടുക്കിയിൽ കുബേര മോഡൽ സാമ്പത്തിക തട്ടിപ്പുമായി തമിഴ്നാട് സംഘം

അടിമാലി. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് കേന്ദ്രീകരിച്ച് തമിഴ്നാട് ചെന്നൈ സ്വദേശികൾ അടങ്ങുന്നസംഘം വൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്നതായി പരാതി. അത്യാവശ്യക്കാരായ ആളുകളുടെ കയ്യിൽ നിന്നുംവീടും സ്ഥലവും ഈഡ് എഴുതി വാങ്ങി പണം നൽകി കൊള്ള പലിശ ഈടാക്കുന്നതാണ് ഇവരുടെ രീതി. കൃത്യമായി പലിശ നൽകുന്നവരോട് കൂടുതൽ പലിശ ആവശ്യപ്പെടുകയും പലിശ മുടങ്ങുന്നവരുടെ വീടുകളിൽ ചെന്ന് ഭീഷണിപ്പെടുത്തുകയും അവരെ ഒഴിപ്പിച്ച് വീടും സ്ഥലവും തട്ടിയെടുക്കുകയും ആണ് ഇവർ ചെയ്യുന്നത്.
പണവും പലിശയും ബാങ്ക് വഴിയോ അക്കൗണ്ട് വഴിയോ നൽകാതെ ഇടനിലക്കാരെ ഉപയോഗിച്ചുകൊണ്ടാണ് കൈമാറ്റം നടത്തുന്നത്. ഇങ്ങനെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർക്ക് വൻ കമ്മീഷനാണ് ഇവർ ഓഫർ ചെയ്യുന്നത്. ധാരാളമായി ടൂറിസ്റ്റുകൾ ഇടുക്കിയിലേക്ക് എത്തുവാൻ തുടങ്ങിയതോടെ ഇടുക്കിയിൽ സ്ഥലത്തിന് വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിസ്സാര വിലയ്ക്ക് സാധാരണക്കാരിൽ നിന്നും സ്ഥലങ്ങൾ തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ നീക്കമാണ് ഇതിനുപിന്നിൽ എന്ന് കരുതപ്പെടുന്നു.
ഹൈറേഞ്ചിലെ സാധാരണക്കാരായ നിരവധി കർഷകരാണ് ഇവരുടെ തട്ടിപ്പിനിരയായി ഇരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ലൊക്കേഷൻ കണ്ടെത്താൻ എന്ന വ്യാജേനയാണ് സ്ത്രീകൾ ഉൾപ്പെടുന്ന സംഘം ഇവിടെ കറങ്ങുന്നത്. വരും ദിവസങ്ങളിൽ വിശദമായ പരിശോധിച്ച് പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുമെന്നും. തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും വിവിധ കർഷക സംഘടന പ്രതിനിധികൾ ആവശ്യപ്പെട്ടു.



