ടി20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം നാളെ

മുംബൈ: ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനുശേഷം നാളെ മുംബൈയില്‍ ചേരുന്ന അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി യോഗമാണ് ടീം പ്രഖ്യാപനം നടത്തുക. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും കോച്ച് ഗൗതം ഗംഭീറും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ഏകദിന,ട20 പരമ്പകള്‍ക്കുള്ള ടീമിനെയും നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഓപ്പണര്‍ സ്ഥാനത്ത് നിരാശപ്പെടുത്തുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന് ഭീഷണിയിയായി മലയാളി താരം സഞ്ജു സാംസണൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ട നടത്തിയ ഇഷാന്‍ കിഷനും രംഗത്തെത്തിയിട്ടുണ്ട്. സഞ്ജുവും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരാണെന്നതിനാല്‍ ആരെയാകും ലോകകപ്പ് ടീമിലെടുക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഗില്‍ വൈസ് ക്യാപ്റ്റനായതിനാല്‍ ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷനെ പരിഗണിച്ചാല്‍ ഓപ്പണിംഗില്‍ ഇടംകൈയ വലംകൈ കോംബിനേഷൻ നഷ്ടമാകും. ഇവര്‍ക്കൊപ്പം ഇപ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കുന്ന ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തിലുണ്ട്.

സഞ്ജുവും ഇഷാനും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്നവരാണ്. ജിതേഷ് ആകട്ടെ മധ്യനിരയിലും. മോശം ഫോിലാണെങ്കിലും ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ് തന്നെയാകും ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക. ഇതുവരെ ഒരു ടീമും ടി20 ലോകകപ്പ് നിലനിര്‍ത്തിയിട്ടില്ലാത്തതിനാല്‍ വലിയ വെല്ലുവിളിയാണ് സൂര്യക്ക് മുന്നിലുള്ളത്.

അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവര്‍ ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ഗില്ലും ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്. വിക്കറ്റ് കീപ്പര്‍മാരായി ആരെത്തുമെന്നതും മൂന്നാം പേസറായി ആരെ കളിപ്പിക്കുമെന്നതുമാണ് സെലക്ടര്‍മാരെ കുഴക്കുന്ന ചോദ്യം. എല്ലാത്തിനും അജിത് അഗാര്‍ക്കര്‍ നാളെ ഉത്തരം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *