വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ സംഘത്തിലെ രണ്ടു പേർ മരിച്ചു. നിലമേൽ പ്ലാച്ചിയോട് കുന്നിൽ വീട്ടിൽ റഷീദ് ബീവി (58), ഇവരുടെ മരുമകൻ ഷാജി (48) എന്നിവരാണ് മരണപ്പെട്ടത്. റഷീദ് ബീവിയുടെ മകൾ സജി മോളെ ഗുരുതരാവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്.
വിഴിഞ്ഞത്ത് മീൻ വിഭവങ്ങൾ കഴിക്കാൻ പോയ അഞ്ചംഗ സംഘത്തിനാണ് ദുരന്തം സംഭവിച്ചത്. വിഴിഞ്ഞത്തുനിന്ന് മടങ്ങുന്ന വഴിയിൽ ഇവർക്ക് കടുത്ത ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടു. ആദ്യം നിലമേലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും റഷീദ് ബീവി മരണപ്പെട്ടിരുന്നു.
ഷാജിയുടെ ഇസിജിയിൽ (ECG) വ്യതിയാനങ്ങൾ കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു. മരണത്തിലേക്ക് നയിച്ചത് അലർജി ആണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ ഭക്ഷ്യവിഷബാധയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു



