ആലപ്പുഴ സമ്മേളനത്തിൽ നിന്നും വി എസ് ഇറങ്ങിപ്പോയതിൻ്റെ കാരണം വെളിപ്പെടുത്തി സുരേഷ് കുറുപ്പിൻ്റെ ലേഖനം

കൊച്ചി: വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെൺകുട്ടിയെന്ന് സിപിഐഎം നേതാവ് സുരേഷ് കുറുപ്പ്. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി എസിന് ക്യാപിറ്റൽ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വി എസ് വേദി വിട്ട് പുറത്തേക്കിറങ്ങി’യെന്നാണ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃഭൂമി ദിനപത്രത്തിൻ്റെ വാരാന്തപതിപ്പിൽ ‘ഇങ്ങനെയൊക്കെയായിരുന്നു എൻ്റെ വി എസ്’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പിൻ്റെ വെളിപ്പെടുത്തൽ.

ഒറ്റപ്പെട്ടപ്പോഴും വി എസ് പോരാട്ടം തുടർന്നു കൊണ്ടിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ആലപ്പുഴ സമ്മേളനത്തിലെ സംഭവം സുരേഷ് കുറുപ്പ് വിശദീകരിക്കുന്നത്. ‘താൻപിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വി എസ് നയം എപ്പോഴും. അദ്ദേഹത്തിൻ്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവർ സമ്മേളനങ്ങളിൽ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു’വെന്ന ആമുഖത്തോടെയാണ് സുരേഷ് കുറുപ്പ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യം വിശദീകരിച്ചിരിക്കുന്നത്.

താൻ എങ്ങനെ വി എസ് പക്ഷമായി മുദ്രകുത്തപ്പെട്ടു എന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നുണ്ട്. കരുണാകരൻ സ‍‍ർക്കാരിൽ മന്ത്രിയായിരുന്ന സി വി പത്മരാജനെതിരെ വി എസ് ഉന്നയിച്ച അഴിമതി അന്വേഷിക്കാൻ നായനാർ സർക്കാർ ജസ്റ്റിസ് ശിവരാമൻ നായർ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷനിൽ വി എസിന് വേണ്ടി വക്കാലത്ത് ഇടാൻ സുരേഷ് കുറുപ്പ് നിയോഗിതനായി.

വി എസിന് വേണ്ടി തുടർച്ചയായി കമ്മീഷന് മുന്നിൽ ഹാജരായെന്നും അതോടെ നാട്ടിലാകെ വി എസ് ഗ്രൂപ്പായി മുദ്രകുത്തപ്പെട്ടെന്നും സുരേഷ് കുറുപ്പ് അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ നടന്ന എല്ലാകാര്യങ്ങളിലും ഞാൻ വി എസിനൊപ്പമാണെന്ന് എൻ്റെ അഭ്യുദയകാംക്ഷികൾ സ്ഥാപിച്ചു. ഞാൻ അതൊന്നും തിരുത്താനും പോയില്ല എന്ന് സുരേഷ് കുറുപ്പ് കുറിപ്പിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ ഒരാൾ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഉണ്ടായിട്ടില്ലെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നുണ്ട്. ‘എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും കൂടെ നിന്നു. അവർക്ക് വേണ്ടി പേരാടി. പാർട്ടിക്ക് നേരെ വന്ന എല്ലാ എതിർപ്പുകളെയും നിസ്സങ്കോചം നേരിട്ടു. തൻ്റെ എതിരാളികളെ സന്ദേഹമില്ലാതെ വെട്ടിനിരത്തി. അതിൽ തനിക്ക് വെട്ടുകൊണ്ടപ്പോഴും ധീരതയോടെ പോരാടി’യെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരം സമ്മേളനത്തിൽ കാപിറ്റൽ പണിഷ്മെൻ്റ് വാദം ഒരു യുവനേതാവ് ഉയർത്തിയെന്ന് പിരപ്പൻകോട് മുരളി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ഇതിനെതിരെ എം വി ഗോവിന്ദൻ രംഗത്ത് വന്നിരുന്നു. മിനുട്സ് നോക്കിയാൽ കാര്യങ്ങൾ മനസ്സിലാകുമെന്നായിരുന്നു ഇതിനോടുള്ള പിരപ്പൻകോട് മുരളിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *