തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വോട്ട് തിരുവനന്തപുരത്ത്. ശാസ്തമംഗലം ഡിവിഷനിലെ മൂന്നാം നമ്പർ ബൂത്തിലെ പട്ടികയിലാണ് സുരേഷ് ഗോപിയുടെ പേര് ഉൾപ്പെട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേരും ഇതേ പോളിംഗ് ബൂത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലായിരുന്നു സുരേഷ് ഗോപിയുടെയും ബന്ധുക്കളുടെയും വോട്ട് ചേർത്തിരുന്നത്.
തിരഞ്ഞെടുപ്പ് മാത്രം മുന്നിൽകണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിൽ വോട്ട് ചേർത്തതെന്ന് നേരത്തെ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീട്ടിൽ 11 വോട്ടുകൾ ചേർത്തുവെന്നായിരുന്നു ആരോപണം. സുരേഷ് ഗോപിയും ബന്ധുക്കളും സുഹൃത്തുക്കളും വോട്ടുകൾ ചേർത്തതായി ആരോപണം ഉയർന്നിരുന്നു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. ഇപ്പോൾ ആ വീട്ടിൽ വോട്ടർപട്ടികയിലുള്ള താമസക്കാരില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തും വോട്ടുണ്ടെന്നാണ് ആരോപണം. കുടുംബ വീടായ ലക്ഷ്മി നിവാസിൻ്റെ മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116-ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാൽ കൊല്ലത്ത് ഇരുവരുെ വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല. സുരേഷ് ഗോപിയുടെ സഹോദരൻ ഉൾപ്പെടെ 11 പേരെ ബൂത്ത് നമ്പർ 116ൽ 1016 മുതൽ 1026 വരെ ക്രമനമ്പറിൽ ചേർത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡത്തിലെ 115 ആം നമ്പർ ബൂത്തിൽ വോട്ട് ചേർത്തതെന്നായിരുന്നു ടി എൻ പ്രതാപൻ അടക്കമുള്ള നേതാക്കൾ കൊടുത്ത പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളൂവെന്നും ടി എൻ പ്രതാപൻ ചൂണ്ടിക്കാണിച്ചിരുന്നു. പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നുവെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണെന്നും പരാതിയിൽ പറഞ്ഞിരുന്നു.