കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി

ദില്ലി: കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് സണ്ണി ജോസഫിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുമതി. സണ്ണി ജോസഫ് നന്നായി ജോലി ചെയ്യുന്നുണ്ടെന്നും, മറ്റ് സംവിധാനങ്ങളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ലെന്നും എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തെരഞ്ഞെടുപ്പ് കാലത്ത് പകരം ചുമതല വേണ്ടതില്ലെന്ന നിലപാടിലേക്ക് എ ഐ സി സി എത്തിയതോടെ, സണ്ണി ജോസഫിന് നേതൃത്വം പച്ചക്കൊടി കാട്ടുകയായിരുന്നു. ദില്ലിയിലേക്ക് സണ്ണി ജോസഫിനെ വിളിപ്പിച്ച് നടത്തിയ ചര്‍ച്ചയില്‍ നേതൃത്വം നിലപാട് വ്യക്തമാക്കി.

സണ്ണി ജോസഫ് മത്സരിക്കുമ്പോള്‍ പുതിയ ആള്‍ ആ പദവിയിലേക്ക് വരില്ല, പകരം വര്‍ക്കിംഗ് പ്രസിഡന്‍റുമാരില്‍ ആരെയെങ്കിലും താത്കാലികമായി ചുമതലയേല്‍പ്പിക്കും. വര്‍ക്കിംഗ് പ്രസിഡന്‍റുമാരില്‍ വിഷ്ണുനാഥും, അനില്‍കുമാറും മത്സരിച്ചാല്‍ പിന്നെ ഷാഫി പറമ്പിലിനാകും നറുക്ക് വീഴുക. പകരക്കാരില്‍ ചര്‍ച്ച തുടങ്ങിയപ്പോള്‍ പലരും അവകാശവാദം ഉന്നയിച്ചിരുന്നു. തര്‍ക്കത്തിലേക്ക് പോകേണ്ടെന്ന ജാഗ്രതയും എ ഐ സി സി സ്വീകരിച്ചെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മറ്റ് ക്രമീകരണങ്ങള്‍ വേണമെങ്കില്‍ ആലോചിക്കാമെന്നാണ് പാർട്ടി നിലപാടെന്നാണ് കെ സി വേണുഗോപാല്‍ എം പി പറയുന്നത്.

അതിനിടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ദില്ലിയില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ ഭാഗമായി മിസ്ത്രി നേതാക്കളെ കാണുന്നത് തുടരുകയാണ്. കൊടിക്കുന്നില്‍ സുരേഷ് എം പി, മിസ്ത്രിയെ എ ഐ സി സിയില്‍ കണ്ടു. എം പിമാര്‍ മത്സരിക്കേണ്ടെന്നതാണ് സംസ്ഥാന ഘടകത്തിന്‍റെ നിലപാടെന്നാണ് മധുസൂദന്‍ മിസ്ത്രി പറയുന്നത്.

നാല്‍പതിനും അന്‍പതിനുമിടയിലുള്ള സ്ഥാനാര്‍ത്ഥികളെ ഉൾപ്പെടുത്തി ആദ്യ ഘട്ടം പ്രഖ്യാപിക്കാനാണ് സാധ്യത. പ്രതിപക്ഷ നേതാവിന്‍റെ യാത്രക്കിടെയുള്ള പ്രഖ്യാപനം തര്‍ക്കങ്ങളുണ്ടാകാതെ കരുതലോടെ വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് തൊട്ട് മുന്‍പായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാല്‍ മതിയെന്ന അഭിപ്രായവുമുണ്ട്. ഇതിനിടെ കെ പി സി സി അധ്യക്ഷനായിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. ഇക്കുറി പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *