വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: അമ്മ നാളെ നാട്ടിലെത്തും, സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക്

കൊല്ലം:തേവലക്കരയില്‍ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ നാളെ രാവിലെ 8.30 ന് നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് ബന്ധുക്കള്‍. 10 മണി മുതല്‍ 12 മണി വരെ മ്യതദേഹം തേവലക്കര സ്‌കൂളില്‍ പൊതു ദര്‍ശനമുണ്ടാകും.

തുടര്‍ന്ന് വീട്ടില്‍ എത്തിക്കും. ശേഷം 5 മണിക്ക് വിളന്തറ വീട്ട് വളപ്പില്‍ സംസ്‌ക്കാരം നടക്കും. എന്നെ ഏല്‍പ്പിച്ചിട്ട് പോയ മോനെ മകള്‍ വരുമ്പൊ എങ്ങനെ തിരികെ ഏല്‍പ്പിക്കുമെന്ന് മിഥുന്റെ മുത്തശ്ശി രമണി വിലപിച്ചുകൊണ്ട് ചോദിച്ചു.

വ്യാഴാ‍ഴ്ച രാവിലെ എട്ടരയ്ക്കാണ് അപകടമുണ്ടായത്. കൂട്ടുകാരുമൊത്ത് ക്ലാസിനുള്ളില്‍ ചെരുപ്പ് എറിഞ്ഞ് കളിക്കുന്നതിനിടെ ഷെഡിന് മുകളിലേക്ക് മിഥുന്റെ ചെരുപ്പ് വീണു. ഇതെടുക്കാന്‍ ക്ലാസില്‍ നിന്നും വലിച്ചിട്ട ഡസ്‌കിലൂടെ തടികൊണ്ടുള്ള സ്‌ക്രീന്‍ മറികടന്ന് ഭിത്തി വഴി തകരഷെഡിന് മുകളിലേക്ക് മിഥുന്‍ കയറി.

മഴ നനഞ്ഞ് കുതിര്‍ന്ന് കിടന്ന ഷീറ്റില്‍നിന്ന് ചെരുപ്പ് എടുക്കവെ മിഥുന്‍ തെന്നി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ താഴെ എത്തിച്ച് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി ലൈനില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂള്‍ അധികൃതര്‍ മിഥുനെ കണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *