വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ മാനേജർ ഉൾപ്പെടെ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍

കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ പ്രതിപ്പട്ടികയില്‍. പ്രധാന അധ്യാപികയെ കൂടാതെ സ്‌കൂള്‍ മാനേജറിനെയും കെഎസ്ഇബി അസി. എഞ്ചിനീയറെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സ്‌കൂള്‍ മാനേജരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അപകടകരമായ രീതിയില്‍ വൈദ്യുതകമ്പികള്‍ കിടന്നിട്ടും നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി അസി. എഞ്ചിനീയറിയറെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ മിഥുന്‍ സ്‌കൂള്‍ പരിസരിത്ത് വെച്ചാണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. കെഎസ്ഇബിയില്‍ നിന്ന് അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛദിച്ച് മിഥുനെ താഴെയിറക്കി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച ഉണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.