സോഷ്യൽ മീഡിയയിലൂടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് തമിഴ് സീരിയൽ നടിയും ഇൻഫ്ളുവൻസറുമായ ശ്രുതി നാരായണൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പ്രതികരിച്ചിരിക്കുന്നത്. മൂന്ന് സ്റ്റോറികളിലായാണ് താരത്തിന്റെ പ്രതികരണം. ദിവസങ്ങൾക്ക് മുൻപാണ് ശ്രുതിയുടേതെന്ന് കരുതുന്ന നഗ്നവീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഈ വീഡിയോ ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെ നിർമിച്ചതെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.
നഗ്ന വീഡിയോ പ്രചരിച്ചതോടെ ശ്രുതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. ഇപ്പോൾ അക്കൗണ്ട് പബ്ലിക്ക് ആക്കിയതിനുശേഷമാണ് താരത്തിന്റെ പ്രതികരണം. ആദ്യ സ്റ്റോറിയിൽ എഐ ക്ലോണിംഗ് നടത്തിയാണ് വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നതെന്നാണ് താരത്തിന്റെ വാദം. എല്ലാം കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്നായിരുന്നു ശ്രുതി പ്രതികരിച്ചത്. ‘നിങ്ങൾക്ക് അത്തരം വീഡിയോകൾ തമാശയായിരിക്കാം, പക്ഷെ അത് എനിക്കും ഞാനുമായി അടുത്ത് നിൽക്കുന്നവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്.
ദയവ് ചെയ്ത് ഇത്തരത്തിൽ ചെയ്യരുത്. അങ്ങനെ ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയോ സഹോദരിയുടെയോ കാമുകിയുടേയൊ വീഡിയോ പോയി കാണൂ, അവരും സ്ത്രീകളാണ്. അവരുടെ വീഡിയോകൾ ആസ്വദിക്കൂ. എന്റെ വീഡിയോയുടെ ലിങ്ക് ചോദിക്കുന്നത് അവസാനിപ്പിക്കൂ. നിയമത്തിന്റെ സഹായം തേടും’- നടി സ്റ്റോറിയിൽ വ്യക്തമാക്കി.സ്റ്റോറിയോടൊപ്പം ചില പോസ്റ്റുകളും ശ്രുതി പങ്കുവച്ചിട്ടുണ്ട്. ക്യാപ്ഷനില്ലാതെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. വൈറ്റ് -ഗോൾഡൻ സാരിയിലുളള ശ്രുതിയുടെ ചിത്രങ്ങളാണ് പോസ്റ്റിലുളളത്. ഓഡിഷനെന്ന പേരിൽ ചിലർ സ്വകാര്യരംഗങ്ങൾ അഭിനയിക്കാൻ ആവശ്യപ്പെട്ടെന്നും തുടർന്ന് നടി ഇത്തരം രംഗങ്ങൾ അഭിനയിച്ചു കാണിച്ചത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.