കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരള തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്ക് എതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ. നഷ്ട പരിഹാരം മതിയെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാട്. എംഎസ്‍സി കമ്പനിക്ക് വിഴിഞ്ഞവുമായി നല്ല ബന്ധമായതിനാലാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാറെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടർ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത് .
എംഎസ്‌സി എൽസ 3 എന്ന ചരക്കുകപ്പലാണ് കൊച്ചി പുറംകടലില്‍ മുങ്ങിയത്.വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ മെയ് 25നാണ് മുങ്ങിയത്.കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകൾ കൊല്ലം,ആലപ്പുഴ,തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്.സംഭവത്തിൽ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.
അപകടത്തെ സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. കപ്പൽ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്താണ് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാല്‍ സംഭവത്തില്‍ എന്തുകൊണ്ട് കേരളം കേസിന് പോകുന്നില്ലെന്ന ചോദ്യം പ്രതിപക്ഷമുള്‍പ്പടെ ഉയര്‍ത്തിയിരുന്നു. എംഎസ്‍സി കമ്പനിയുമായി നിയമപരമായ ഏറ്റുമുട്ടലിന് ഇല്ലെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.