‘സ്‌പോൺസർ ആളുകളെ വിഡ്‌ഢികളാക്കി’,​ ശബരിമല പീഠ വിവാദത്തിൽ പ്രതികരിച്ച് ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക പീഠം ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പറഞ്ഞ് നാടകം കളിച്ച സ്‌പോൺസൺ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ഇത് പൊതുജനങ്ങളെ വിഡ്‌ഢികളാക്കുന്ന നടപടിയാണെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കാണാതായ ദ്വാരപാലക ശിൽപത്തിലെ പീഠം കഴിഞ്ഞ ദിവസം സ്‌പോൺസറുടെ സഹോദരിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പീഠം കാണാതായ സംഭവത്തിൽ നാളെ ദേവസ്വം വിജിലൻസ് എസ്.പി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. കോടതി നി‌‌ർദ്ദേശപ്രകാരം സർക്കാർ ഇക്കാര്യത്തിൽ മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം കോടതി തന്നെ കണ്ടെത്തും.

ഇതിനുപിന്നിൽ വലിയൊരു ഗൂഢാലോചന തന്നെയുണ്ടാകുമെന്ന് കരുതുന്നതായി വി എൻ വാസവൻ പ്രതികരിച്ചു. പീഠത്തെക്കുറിച്ച് ദേവസ്വം മഹസറിൽ രേഖപ്പെടുത്താത്തത് പരിശോധിക്കുമെന്നും ശബരിമലയിൽ ബാക്കിയെല്ലാം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി വ്യക്തിബന്ധമില്ലെന്നും പീഠവിവാദം വിജിലൻസ് തന്നെ അന്വേഷിക്കട്ടെയെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാർ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *