റണ്‍മല കയറി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

റായ്പൂര്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 359 റണ്‍സിന്റ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ സെഞ്ച്വറിയുടേയും അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മാത്യു ബ്രീറ്റ്‌സ്‌കി, ഡിവാള്‍ഡ് ബ്രെവിസ് എന്നിവരുടേയും മികവില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ഇന്ത്യക്ക് വേണ്ടി വിരാട് കൊഹ്ലി, റുതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ നേടിയ സെഞ്ച്വറികള്‍ പാഴായി. ശനിയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന അവസാന മത്സരം ഇതോടെ നിര്‍ണായകമായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് 8(11) അഞ്ചാം ഓവറില്‍ നഷ്ടമായി. എന്നാല്‍ മറ്റൊരു ഓപ്പണറായ എയ്ഡന്‍ മാര്‍ക്രം നേടിയ തകര്‍പ്പന്‍ സെഞ്ച്വറി 110(98) കരുത്തില്‍ അടിത്തറ ശക്തമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ തെംബ ബവൂമ 46(48), മാര്‍ക്രം സഖ്യം 101 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

മാത്യു ബ്രീറ്റ്‌സ്‌കി 68(64), യുവതാരം ഡിവാള്‍ഡ് ബ്രെവിസ് 54(34) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികള്‍ കൂടിയായപ്പോള്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് അനായാസം മുന്നേറി.289ന് മൂന്ന് എന്ന ശക്തമായ നിലയില്‍ നിന്ന് ബ്രെവിസ്, ബ്രീറ്റ്‌സ്‌കി, യാന്‍സന്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ സ്‌കോര്‍ 322ന് ആറ്. ടോണി ഡി സോര്‍സിക്ക് കൂട്ടായി എത്തിയത് കോര്‍ബിന്‍ ബോഷ്.

അവസാന അഞ്ച് ഓവറുകളില്‍ നാല് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് വെറും 27 റണ്‍സ് മാത്രം. എന്നാല്‍ 45ാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെ പരിക്കേറ്റ ടോണി ഡി സോര്‍സി പവിലിയനിലേക്ക് മടങ്ങി. കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ് എന്നിവര്‍ പുറത്താകാതെ ദക്ഷിണാഫ്രിക്കയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് ആണ് നേടിയത്. സെഞ്ച്വറികള്‍ നേടിയ റുതുരാജ് ഗെയ്ക്‌വാദ് 105(83), വിരാട് കൊഹ്ലി 102(93), അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 66(43) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിരാട് കൊഹ്ലി തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയത് ആരാധകര്‍ക്ക് വിരുന്നായി. യശസ്വി ജയ്‌സ്‌വാള്‍ 22(38), രോഹിത് ശര്‍മ്മ 14(8), വാഷിംഗ്ടണ്‍ സുന്ദര്‍ 1(8), രവീന്ദ്ര ജഡേജ 24(27) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *