പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ പൂത്ത തകരയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീ​ഗിലെ വർ​ഗീയതയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നായർ -ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ലെന്നും വെള്ളാപ്പള്ളി നടേശൻ ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ ഐക്യം എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചുപറ്റാനല്ല. ലീഗ് നേതൃത്വം എസ്എൻഡിപി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തിയിരുന്നു. നായർ – ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ടുപോയില്ല. സംവരണം പറഞ്ഞ് എന്നെ മുന്നോട്ട് കൊണ്ടുപോയി

എന്നാൽ ഞാൻ ചതിക്കപ്പെട്ടു.ലീ​ഗാണ് എൻഎസ്എസിനെയും എസ്എൻഡിപിയെയും തെറ്റിച്ചത്. ഞാൻ മുസ്ലിം വിരോധി അല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് എന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്യുന്നത്. മുസ്ലിം ലീഗിലെ വർഗീയതയാണ് ഞാൻ എതിർത്തത്. എല്ലാ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് എസ്എൻഡിപിയുടെ യോഗം ജനുവരി 21ന് ആലപ്പുഴയിൽ നടക്കും.സതീശൻ ഇന്നലെ പൂത്ത തകരയാണ്.

സതീശനാണ് എനിക്കെതിരെ പറഞ്ഞത്. ഞാൻ വർ​ഗീയ വാദിയാണെന്ന് കോൺഗ്രസ് നേതാക്കളായ രമേശ്‌ ചെന്നിത്തലയോ വേണുഗോപാലോ എ കെ ആന്റണിയോ പറയട്ടെ. അപ്പോൾ അം​ഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ അദ്ദേഹം തന്നെ സതീശനെ തിരുത്തി. ഞാൻ കോൺഗ്രസിന് എതിരല്ല. നേതാക്കളുമായി നല്ല ബന്ധമുണ്ട്. എന്നെ വേട്ടയാടുകയാണ്. ഈഴവരെ തകർക്കാനാണ് ശ്രമം നടത്തുന്നത്’- അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *