ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനിടെ പിച്ചില്‍ പാമ്പ്; ബംഗ്ലാദേശിനെ ട്രോളി സോഷ്യല്‍ മീഡിയ

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കൗതുകക്കാഴ്ചയായി പിച്ചിൽ പാമ്പ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടയിലാണ് സ്‌റ്റേഡിയത്തിലേക്ക് ഒരു പാമ്പ് കയറി വന്നത്. ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ ആദ്യ ഓവറുകളിലാണ് പാമ്പിനെ കളിക്കാരും കാണികളും ആദ്യം കണ്ടത്. മത്സരം തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്ന ആരാധകര്‍ക്ക് ഈ അപൂര്‍വ കാഴ്ച കണ്ട് ഞെട്ടലും ഒപ്പം കൗതുകവുമായി.
പാമ്പിനെ കണ്ടതോടെ മത്സരത്തിന് ചെറിയ ഇടവേള അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു. പിച്ചിലൂടെ കുറച്ചുനേരം ഇഴഞ്ഞതിന് ശേഷം പാമ്പ് മാളത്തിലേക്കോ മറ്റോ അപ്രത്യക്ഷമായി. എന്നാല്‍ പിന്നീട് ഇതേ പാമ്പ് തന്നെ മറ്റൊരു തവണയും പുറത്തേക്ക് വന്നു.
ശ്രീലങ്ക- ബംഗ്ലാദേശ് മത്സരത്തിനെത്തിയ ഈ പ്രത്യേക അതിഥിയാണ് സോഷ്യൽ മീഡിയ മുഴുവൻ ആഘോഷിക്കപ്പെടുന്നത്. ‘പാമ്പ് ഇന്നിങ്‌സി’ന്റെ മീമുകളും തമാശകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ബംഗ്ലാദേശിന്‍റെ പ്രശസ്തമായ ആഘോഷ പ്രകടനമാണ് നാഗിന്‍ ഡാന്‍സ്. ഈ സാഹചര്യത്തില്‍ പാമ്പ് എത്തിയതോടെ ബംഗ്ലാദേശും ട്രോളുകളില്‍ നിറയുകയാണ്. ഇപ്പോഴാണ് ശരിക്കും ‘നാഗിന്‍ ഡെർബി’യായതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകർ ട്രോളുന്നത്.
മുന്‍കാലങ്ങളിലും സമാന സംഭവങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. സ്ഥിരമായി പാമ്പുകളെ കാണാറുള്ള കൊളംബോ ആര്‍ പ്രേമദാസ സ്റ്റേഡിയത്തെയും ആരാധകരില്‍ ചിലര്‍ കളിയാക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ലങ്ക പ്രീമിയര്‍ ലീഗിലെ ചില മത്സരങ്ങളും പാമ്പുകള്‍ തടസ്സപ്പെടുത്തിയിരുന്നു. സ്ഥിരമായി പാമ്പുകളെ കണ്ടതോടെയാണ് ആര്‍ പ്രേമദാസ സ്റ്റേഡിയത്തിന് നാഗിന്‍ ഡെര്‍ബിയെന്ന് വിളിപ്പേര് കൂടി ക്രിക്കറ്റ് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തത്.
അതേസമയം ആദ്യ ഏകദിനത്തിൽ ശ്രീലങ്ക 77 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 244 റണ്‍സ് നേടി. 123 പന്തില്‍ 106 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ് ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാലു വിക്കറ്റും ടന്‍സിം ഹസന്‍ ഷക്കീബ് മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 167 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി.