‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തു’; വ്യോമസേന മേധാവി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യ അഞ്ച് യുദ്ധ വിമാനങ്ങളടക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തിട്ടുണ്ടെന്ന് വ്യോമസേന മേധാവി എയർമാർഷൽ എപി സിംഗ്. പാകിസ്ഥാന് സംഭവിച്ച നാശനഷ്‌ടങ്ങളുടെ എണ്ണം സംബന്ധിച്ച് ഇന്ത്യൻ വ്യോമസേന മേധാവിയിൽ നിന്നുള്ള ആദ്യ സ്ഥിരീകരണമാണിത്.
അഞ്ച് യുദ്ധ വിമാനങ്ങൾക്ക് പുറമേ പാകിസ്ഥാന്റെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന വിമാനവും തകർത്തിട്ടുണ്ടെന്ന് എപി സിംഗ് പറഞ്ഞു. ബംഗളൂരുവിൽ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ കൈവശമുള്ള റഷ്യയുടെ എസ് – 400 വ്യോമപ്രതിരോധ സംവിധാനമാണ് പാക് വിമാനങ്ങളെ തകർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ രാജ്യത്തോട് ചെയ്‌തതിനുള്ള തിരിച്ചടിയായാണ് പാക് ഭീകര കേന്ദ്രങ്ങൾ സൈന്യം ആക്രമിച്ചത്. പാകിസ്ഥാൻ അവരുടെ ഡ്രോണുകളടക്കം തിരിച്ചടിക്ക് ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മേയ് ഏഴിനാണ് പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 25 മിനിട്ടിൽ 24 ആക്രമണങ്ങൾ സൈന്യം നടത്തി. പിറ്റേന്ന് 15 ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട് പാക് ആക്രമണമുണ്ടായി.
ഇന്ത്യ നൽകിയ തിരിച്ചടിയിൽ പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ വലിയ നാശനഷ്‌ടമുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായും അദ്ദേഹം പറഞ്ഞു.ജമ്മു കാശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. 27 വിനോദസഞ്ചാരികളാണ് അന്ന് കൊല്ലപ്പെട്ടത്. 20പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പുരുഷന്മാരെ തെരഞ്ഞുപിടിച്ചായിരുന്നു ആക്രമണം. പാക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ടിആർഎഫ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.