ഗുജറാത്തിലെ പാവഗഡിൽ കാർഗോ റോപ്‌വേ ട്രോളി തകർന്ന് വീണ് ആറ് മരണം

ഗാന്ധിനഗർ: ഗുജറാത്തിലെ പാവഗഡിൽ കാർഗോ റോപ്‌വേ ട്രോളി തകർന്ന് വീണ് ആറ് മരണം. നിർമ്മാണ സാമഗ്രികൾ കൊണ്ടുപോവുകയായിരുന്ന റോപ്‌വേയുടെ കേബിൾ പൊട്ടിയതിനെ തുടർന്ന് ട്രോളി തകർന്നു വീഴുകയായിരുന്നു. വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് ലിഫ്റ്റ്മാൻമാരും രണ്ട് തൊഴിലാളികളും ഉൾപ്പെടെ ആറ് പേരാണ് മരിച്ചതെന്ന് പഞ്ചമഹൽ കളക്ടർ പറഞ്ഞു. നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. മരിച്ചവരിൽ മൂന്നുപേർ പ്രദേശവാസികളും രണ്ടുപേർ കാശ്മീർ സ്വദേശികളും ഒരാൾ രാജസ്ഥാൻ സ്വദേശിയുമാണെന്നാണ് വിവരം.
സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുന്നിൻ മുകളിലെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്ന കാർഗോ റോപ്‌വേ ട്രോളി കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. പൊലീസും ഫയർ ബ്രിഗേഡ് സംഘവും ഉടനെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.
റോപ്‌വേയിലെ നാലാം നമ്പർ ടവറിനടുത്ത് വച്ച് കേബിളുകൾ പൊട്ടുകയായിരുന്നു. ഇതോടെ ട്രോളി താഴെ ഒന്നാം നമ്പർ ടവറിന് സമീപത്ത് വച്ച് ഇടിച്ചു തകർന്നു. കാബിനുള്ളിൽ ഉണ്ടായിരുന്ന അഞ്ച് പേരും അപകടസ്ഥലത്തുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.2000 പടികൾ കയറിയെത്തേണ്ട ക്ഷേത്രം 800 മീറ്ററോളം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്ന പാസഞ്ചർ റോപ്‌വേ മോശം കാലാവസ്ഥയെ തുടർന്ന് അടച്ചിട്ടിരുന്നെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഗുഡ്‌സ് റോപ്‌വേ പ്രവർത്തിച്ചിരുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.