ഇരട്ടക്കൊല നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: 101 ശതമാനവും നുണയെന്ന് മുന്‍ തിരുവമ്പാടി എസ്‌ഐ

മൂന്നര പതിറ്റാണ്ടുമുന്‍പ് താന്‍ രണ്ടുപേരെ കൊലപ്പെടുത്തിയിരുന്നു എന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ തള്ളി തിരുവമ്പാടി എസ്‌ഐയായിരുന്ന ഒപി തോമസ്. മുഹമ്മദലി പറഞ്ഞത് നുണയാണെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ ഒരുഘട്ടത്തില്‍പ്പോലും കൊലപാതക സംശയം ഉന്നയിച്ചിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തോമസ് പറഞ്ഞു. 39 വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് കൂടരഞ്ഞിയില്‍ വച്ച് താന്‍ രണ്ടുപേരെ വെള്ളത്തിലേക്ക് വീഴ്ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം മുഹമ്മദലി വെളിപ്പെടുത്തിയിരുന്നത്.
തുടരന്വേഷണം വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒപി തോമസ് പറഞ്ഞു. കേസിന്റെ ആദ്യം മുതല്‍ അവസാനം വരെ താന്‍ അന്വേഷണത്തില്‍ സജീവമായി ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. അപസ്മാര രോഗം വന്നാണ് ഒരാള്‍ വെള്ളത്തില്‍ വീണ് മരിച്ചതെന്ന് മൊഴികളില്‍ നിന്ന് ഉള്‍പ്പെടെ വ്യക്തമായതാണ്. 101 ശതമാനവും മുഹമ്മദലി പറയുന്നത് നുണയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും ഒപി തോമസ് വ്യക്തമാക്കി.
അതേസമയം മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഏഴാംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചു. അന്വേഷണം ഇരിട്ടിയിലേക്കും പാലക്കാടേക്കും തിരുവമ്പാടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. മുഹമ്മദലിക്ക് മാനസിക പ്രശ്‌നമുണ്ടാകാം എന്ന സഹോദരന്റെ വെളിപ്പെടുത്തലും പൊലീസ് അന്വേഷിക്കും.