ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരെ 2025 മാർച്ചിലെ ഐസിസിയുടെ മികച്ച താരമായി തിരഞ്ഞെടുത്തു. ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നടത്തിയ മികച്ച പ്രകടനമാണ് ശ്രേയസിനെ ഐസിസിയുടെ മികച്ച താരമാക്കിയത്. ന്യൂസിലാൻഡിൻ്റെ രചിൻ രവീന്ദ്രയെയും ജേക്കബ് ഡഫിയെയും പിന്തള്ളിയാണ് ഇന്ത്യൻ മധ്യനിര ബാറ്റർ നേട്ടത്തിലെത്തിയത്.
ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ശ്രേയസ് അയ്യർ 243 റൺസുമായി ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ താരമായിരുന്നു. 2013 ന് ശേഷം ആദ്യമായും 12 വർഷത്തിനിടെ ആദ്യത്തെ ഐസിസി ഏകദിന കിരീടവുമായിരുന്നു ചാംപ്യൻസ് ട്രോഫിയിലൂടെ ഇന്ത്യൻ ക്രിക്കറ്റ് സ്വന്തമാക്കിയത്. ഈ വർഷം ഐസിസിയുടെ മികച്ച താരമാകുന്ന രണ്ടാമത്തെ ഇന്ത്യൻ ക്രിക്കറ്റ് പുരുഷ താരമാണ് ശ്രേയസ് അയ്യർ. ഇതിന് മുൻപ് ഫെബ്രുവരിയിൽ ശുഭ്മാൻ ഗിൽ ഈ പുരസ്കാരം നേടിയിരുന്നു.
കഴിഞ്ഞ വർഷം ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ശ്രേയസ് ഒഴിവാക്കപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിച്ച് ഐപിഎൽ പരിശീലനത്തിന് പോയതിനാണ് ശ്രേയസിനെ ബിസിസിഐ കരാറിൽ നിന്നൊഴിവാക്കിയത്. പിന്നാലെ ശ്രേയസ് അയ്യർ നായകനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം സ്വന്തമാക്കിയിരുന്നു. ദേശീയ ടീമിൽ അംഗമാണെങ്കിലും ശ്രേയസ് അയ്യരിന് ഇനിയും ബിസിസിഐ കരാർ തിരികെ ലഭിച്ചിട്ടില്ല.