കൊച്ചി: ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെന്ന് വിവരം. ഷൈനിന്റെ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത് നടൻ തമിഴ്നാട്ടിലാണ് എന്നാണ്. ഇന്നലെ പുലർച്ചെ കൊച്ചിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം. പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് കൊച്ചി സിറ്റി പൊലീസിന്റെ നിലപാട്. നടൻ മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാനാണ് നീക്കം. ഷൈനെ രക്ഷപ്പെടാൻ സഹായിച്ച ആളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഒരു നടൻ സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ് വെളിപ്പെടുത്തിയത് വളരെ വിവാദമായിരുന്നു. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തൽ. പിന്നാലെ സിനിമാ സംഘടനകൾക്കും മോശം അനുഭവമുണ്ടായ സിനിമാ സെറ്റിലെ ഐസിസിക്കും പരാതി നൽകിയിരുന്നു. ഈ പരാതിയിലൂടെയാണ് നടൻ ഷൈൻ ടോം ചാക്കോയാണ് മോശമായി പെരുമാറിയ നടനെന്ന വിവരം പുറത്ത് വന്നത്.
അതിനിടെ കൊച്ചി കലൂരിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടിരുന്നു. ലഹരി ഇടപാടുകാരനെ തേടി ബുധനാഴ്ച രാത്രി 10.45-ഓടെയാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടുകാരൻറെ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു ഡാൻസാഫ് സംഘത്തിന്റെ പരിശോധന.