ന്യൂഡൽഹി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയുമായി ശശി തരൂർ വീണ്ടും രംഗത്ത്. മോദിയെ വീണ്ടും പുകഴ്ത്തുന്നതാണ് ശശി തരൂരിൻ്റെ പ്രസ്താവന. യുക്രെയ്നും റഷ്യക്കും ഒരു പോലെ സ്വീകാര്യനായ വ്യക്തിയാണ് മോദിയെന്നും ലോക സമാധാനം സ്ഥാപിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും തരൂർ പറഞ്ഞു. സംഘർഷത്തിൻറെ തുടക്കത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ താൻ വിമർശിച്ചിരുന്നു. എന്നാൽ താൻ പറഞ്ഞത് തെറ്റായിപ്പോയി എന്നും ശശി തരൂർ കൂട്ടിച്ചേർത്തു. മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. വ്യവസായമേഖലയിൽ കേരളം കൈവരിച്ച നേട്ടത്തെ പുകഴ്ത്തിയുള്ള തരൂരിന്റെ ലേഖനവും വലിയ വിവാദമായിരുന്നു. അതേസമയം, മോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. പരാമർശം കെ സുരേന്ദൻ എക്സിൽ പങ്കുവെച്ചു.