തിരുവനന്തപുരം: ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്ന് ശശി തരൂർ. കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം, താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും പറഞ്ഞു.
തിരുവനന്തപുരത്ത് മൂന്ന് ഇടത്തായാണ് ശശി തരൂരിൻ്റെ പ്രതികരണം. ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു. ഈ വിഷയത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിൽ തർക്കം നടക്കുന്നുണ്ട്. ഇക്കാര്യം താൻ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും. ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നീട് എൻ രാമചന്ദ്രൻ സ്മാരക പുരസ്ക്കാര വേദിയിൽ പ്രസംഗിച്ച അദ്ദേഹം പാണ്ഡവർ അഞ്ച് പേരാണ് കൗരവർക്കെതിരെ നിന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷമല്ല ശരിയെന്നും താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും പറഞ്ഞത്. കൈഫി ആസ്‌മിയുടെ വരികൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. ഇതിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് കെപിസിസി പ്രസിഡൻ്റിനെ മാറ്റേണ്ടെന്ന നിലപാട് ഉയർത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പിൽ അടക്കം വലിയ നേട്ടം ഉണ്ടായിട്ടുണ്ട്. പാർട്ടിയിൽ ഐക്യം വേണമെന്ന് തന്നെയാണ് തൻറെ ആഗ്രഹം. അതിന് കെപിസിസി പ്രസിഡണ്ടിനെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു