കോഴിക്കോട്: താമരശ്ശേരിയിൽ പോലീസിൽ നിന്നും രക്ഷപ്പെടാൻ കൈയിലുണ്ടായ എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെ തുടർന്ന് മരിച്ച കോഴിക്കോട് മൈക്കാവ് സ്വദേശി ഷാനിദിന്‍റെ പോസ്റ്റ് മോർട്ടം ഇന്ന്. രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് പോസ്റ്റ്മോർട്ടം നടക്കുക. ഇതോടെ മരണകാരണം എന്താണെന്ന് വ്യക്തമാകും. ഇതിനു ശേഷമാകും തുടർ നടപടി സ്വീകരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനു പുറമെ ഷാനിദുമായി അടുപ്പമുള്ളവരെ മൊഴി ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് അമ്പായത്തോട് വെച്ച് പൊലീസിനെ കണ്ടതിന് പിന്നാലെ കയ്യിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റ് ഷാനിദ് വിഴുങ്ങിയത്. ഇതിനു പിന്നാലെ പിടിയിലായ ഷാനിദ് തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. തുടർന്ന് ഇയാളെ സമീപത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെന്‍റിലേറ്ററിലായിരുന്ന ഷാനിദ് കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ചത്.
അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിൽ നടത്തിയ സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. വയറിനുള്ളിൽ പാക്കറ്റ് പൊട്ടിയെന്നാണ് നിഗമനം.