ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികളുടെ SSLC പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, തുടർപഠനം ആവാം

കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഫലം പ്രസിദ്ധീകരിച്ചത്. കേസിൽ കുറ്റാരോപിതരായ പ്രതികൾക്ക് പ്ലസ്‌വൺ പ്രവേശനത്തിനായി അപേക്ഷിക്കുന്നതിൽ തടസമില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ കോടതി പറഞ്ഞതു കൊണ്ടാണ് അനുസരിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

ഇന്നലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. കുറ്റവാളികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിക്കരുത്തെന്നാവശ്യപ്പെട്ട് ഷഹബാസിൻ്റെ പിതാവ് ഇഖ്ബാൽ ബാലവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന നടത്തിയ കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് സമൂഹത്തിന് സന്ദേശം എന്ന നിലയിലാണ്. അതിനെ മറികടന്ന് ഫലം പ്രസിദ്ധീകരിക്കുന്നത് ആരെ സംരക്ഷിക്കാൻ ആണെന്ന് പിതാവ് ബാലാവകാശ കമ്മിഷന് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിദ്യാർഥികളുടെ പരീക്ഷാഫലം എങ്ങനെയാണ് തടഞ്ഞുവയ്ക്കാന്‍ സാധിക്കുകയെന്ന് കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്നും കോടതി ചോദിച്ചിരുന്നു.

പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസിന്റെ കൊലപാതകത്തിൽ സമപ്രായക്കാരായ ആറു വിദ്യാർഥികളെയാണ് പൊലീസ് പ്രതിചേർത്തിരുന്നത്. ഇവർ എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടർന്ന് വെള്ളിമാടുകുന്നുള്ള പ്രത്യേക കേന്ദ്രത്തിൽ വച്ചാണ് ആറു പേരും പരീക്ഷ പൂർത്തിയാക്കിയത്. ട്യൂഷൻ സെൻ്ററിലെ വാക്കേറ്റത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്.നഞ്ചക്ക് ഉപയോഗിച്ചുള്ള അടിയിൽ തലയ്ക്കു പിന്നിലേറ്റ ക്ഷതമായിരുന്നു മരണകാരണം.

AlsoRed: റാപ്പര്‍ വേടനെതിരെ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *