സൽമാന് താങ്ങായി ഷാരൂഖ്; പിതാവ് സലിം ഖാന്റെ ആരോഗ്യനില തേടി കിംഗ് ഖാൻ ആശുപത്രിയിൽ

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രയിൽ കഴിയുന്ന മുതിർന്ന ബോളിവുഡ് തിരക്കഥാകൃത്തും സൽമാൻ ഖാന്റെ പിതാവുമായ സലിം ഖാനെ സന്ദർശിക്കാനെത്തി ഷാരൂഖ് ഖാൻ. ശനിയാഴ്ച രാത്രിയോടെയാണ് ഷാരൂഖ് ഖാൻ ബന്ദ്രയിലെ ആശുപത്രിയിലെത്തിയത്. മുംബയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏകദേശം ഒരു മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ച ശേഷമാണ് ഷാരൂഖ് മടങ്ങിയത്. നടൻ സൽമാൻ ഖാൻ ആശുപത്രിയിലെത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ഷാരൂഖിന്റെ വരവ്. സലിം ഖാന്റെ മകൻ അർബാസ് ഖാന്റെ മുൻഭാര്യയും നടിയുമായ മലൈക അറോറയും ശനിയാഴ്ച ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കൂടാതെ ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖി, പ്രമുഖ ഫോട്ടോഗ്രാഫർ അവിനാഷ് ഗോവാരിക്കർ എന്നിവരും 90കാരനായ സലിം ഖാന്റെ ആരോഗ്യവിവരങ്ങൾ തേടി ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് മസ്തിഷ്‌കാഘാതത്തെത്തുടർന്ന് സലിം ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻകരുതൽ എന്ന നിലയിൽ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും വെന്റിലേറ്റർ സഹായം ഉടൻ നീക്കം ചെയ്യാൻ കഴിയുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന സൂചന.ജാവേദ് അക്തറിന്റെ കൂടെ ഷോലെ, ഹാത്തി മേരെ സാത്തി, സഞ്ജീർ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ സിനിമകൾക്ക് തിരക്കഥയെഴുതിയാണ് സലിം ഖാൻ ശ്രദ്ധേയമായത്. 1960കളിൽ അഭിനയരംഗത്തിലൂടെയാണ് സലിം ഖാൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ‘തീസരി മൻസിൽ’, ‘സർഹാദി ലൂട്ടേര’ തുടങ്ങിയ ചിത്രങ്ങളിലൂടെ ‘പ്രിൻസ് സലിം’ എന്ന പേരിലായിരുന്നു

അക്കാലത്ത് ചലച്ചിത്രലോകത്ത് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നവംബർ 24നായിരുന്നു സിനിമാ മേഖലയിലെയും കുടുംബത്തിലെയും പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ സലിം ഖാൻ തന്റെ തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചത്‌ അതേസമയം, സലിം ഖാന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ കുടുംബത്തിന്റെ അനുമതിയില്ലാതെ മാദ്ധ്യമങ്ങളോട് പങ്കുവച്ചതിൽ ഖാൻ കുടുംബം അതൃപ്തി രേഖപ്പെടുത്തി. ഡോ. ജലീൽ പാർക്കർ നടത്തിയ ചില വെളിപ്പെടുത്തലുകൾക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. രോഗിയുടെ സ്വകാര്യത മാനിക്കണമെന്നും ഇത്തരം വിവരങ്ങൾ പൊതുമദ്ധ്യത്തിൽ വിളിച്ചു പറയരുതെന്നും കുടുംബം അഭ്യർത്ഥിച്ചു. സൽമാൻ ഖാൻ അടക്കമുള്ള കുടുംബാംഗങ്ങൾ കഴിഞ്ഞ നാല് ദിവസമായി ആശുപത്രിയിൽ സലിം ഖാനൊപ്പമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *