രാഹുല്‍ ഗാന്ധിയെ കണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍

രാഹുല്‍ ഗാന്ധിയെ കണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെ സുധാകരന്‍ കുടുംബസമേതമാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെയും കണ്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ സുധാകരന്‍ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. യഥാര്‍ത്ഥ പോരാളിയാണ് സുധാകരനെന്നും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഡൽഹിയിലെത്തിയ സുധാകരൻ മകനും മകന്റെ ഭാര്യയ്ക്കുമൊപ്പമാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെ സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന കെ സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.

കെ സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. പിന്നീട് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ സജീവമാകുകയായിരുന്നു. രാഹുല്‍ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് മുന്‍കൈയെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *