കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ഡോ.ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസായിരുന്നു. പുലർച്ചെ നാലരയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമാണ്. അദ്ദേഹത്തിൻ്റെ ആഗ്രഹ പ്രകാരം പൊതുദർശനമുണ്ടാകില്ലെന്ന് കുടുംബം അറിയിച്ചു. തന്റെ മരണ ശേഷം പൊതുദർശനം പാടില്ലെന്നും മൃതദേഹം മോർച്ചറിയിൽ വയ്ക്കരുതെന്നും അദ്ദേഹം കുടുംബത്തിന് നിർദ്ദേശം നൽകിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ശൂരനാട് രാജശേഖരൻ രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. കൊല്ലം ശാസ്താംകോട്ട ഡിബി കോളേജില്‍ കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി,കൊല്ലം ഡിസിസി പ്രസിഡൻ്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചു. ചാത്തന്നൂരിൽ നിന്ന് നിയമസഭയിലേക്കും കൊല്ലത്ത് നിന്ന് പാർലമെൻ്റിലേക്കും മത്സരിച്ചു. കേരളാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്, കൊല്ലം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.