ഓഹരി വിപണിയിലെ വില്‍പന സമ്മര്‍ദം തുടരുന്നു. വിദേശ ഫണ്ടുകള്‍ പന്തിരായിരം കോടി രൂപയുടെ വില്‍പ്പനയുമായി രംഗത്ത് എത്തിയത് ബി.എസ്.ഇ, എന്‍.എസ്.ഇ സൂചികളെ പിടിച്ചുലച്ചു. ബാങ്ക് നിഫ്റ്റിയും നിഫ്റ്റി ഫ്യൂച്വറും വില്‍പന തരംഗത്തില്‍ ആടി ഉലഞ്ഞു.
ബോംബെ സെന്‍സെക്‌സ് 628 പോയിന്റും നിഫ്റ്റി 118 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്. ഇതിനിടയില്‍ ഫോറെക്‌സ് മാര്‍ക്കറ്റില്‍ രൂപ സ്ഥിരത കൈവരിക്കാനുള്ള ശ്രമം വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇടയുണ്ട്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചികയ്ക്ക് വാരാന്ത്യ ദിനങ്ങളില്‍ അനുഭവപ്പെട്ട തിരിച്ചടി മറ്റ് വിപണികളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയിലാണ് ആഗോള നിക്ഷേപകര്‍. പ്രത്യേകിച്ച് ജനുവരിയില്‍ ജപ്പാന്റെ പണപ്പെരുപ്പം നാല് ശതമാനമായി കയറിയത് അവരെ വീണ്ടും പലിശ നിരക്കില്‍ ഭേദഗതികള്‍ക്ക് പ്രേരിപ്പിക്കാം. അവിടെ പണപ്പെരുപ്പം 2023 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
മുന്‍ നിര ഓഹരികളായ എം ആന്‍ഡ് എമ്മിന് വീണ്ടും തിരിച്ചടി, ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞ് 1900 രൂപയായി. മാരുതി സുസുക്കിയും തളര്‍ച്ചയിലാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസീസ്, ടെക് മഹീന്ദ്ര, എയര്‍ടെല്‍, സണ്‍ ഫാര്‍മ ഓഹരികള്‍ക്ക് തളര്‍ച്ച. ആര്‍ഐഎല്‍, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് റ്റി, ഇന്‍ഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ മികവിലാണ്. ബോംബെ സൂചിക തൊട്ട് മുന്‍വാരത്തിലെ 75,858ല്‍നിന്നും തുടക്കത്തില്‍ ഉണര്‍വിന്റെ സൂചനകള്‍ നല്‍കി 76,289 പോയിന്റ് വരെ ഉയര്‍ന്നു. ഈ അവസരത്തില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ ബ്ലൂചിപ്പ് ഓഹരികളില്‍ സൃഷ്ടിച്ച വില്‍പ്പന സമ്മര്‍ദത്തില്‍ സെന്‍സെക്‌സ് 75,112 വരെ ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 75,311 പോയിന്റിലാണ്. ഈ വാരം ഫണ്ടുകള്‍ വില്‍പ്പനതോത് ഉയര്‍ത്തിയാല്‍ സൂചിക 74,852-74,393 ല്‍ താങ്ങ് കണ്ടെത്താന്‍ ശ്രമിക്കാം.
വിപണി തിരിച്ചു വരവ് കാഴ്ച്ചവെച്ചാല്‍ 76,029-76,747 ല്‍ പ്രതിരോധമുണ്ട്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 22,929 ല്‍നിന്നും ഓപ്പണിങ് വേളയില്‍ 23,000 കടന്ന് 23,037 ലേക്ക് കയറി. ഇതിനിടയില്‍ വിദേശ ഇടപാടുകാര്‍ ബാധ്യതകള്‍ വിറ്റുമാറാന്‍ നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ സൂചിക ആടി ഉലയാനും കാരണമായി.
വില്‍പ്പന തരംഗത്തില്‍ 22,720 ലേക്ക് താഴ്ന്ന ശേഷം ക്ലോസിങ്ങില്‍ 22,795 പോയിന്റിലാണ്. ഈ വാരം 22,664ലെ ആദ്യ താങ്ങ് നിലനിര്‍ത്താന്‍ വിപണി ക്ലേശിച്ചാല്‍ 22,533 – 22,216 ലേക്കും സാങ്കേതിക തിരുത്തലിന് സാധ്യത. തിരിച്ചു വരവിന് വിപണി ശ്രമിച്ചാല്‍ 22,981 – 23,167 ലും പ്രതിരോധമുണ്ട്.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ പിന്നിട്ടവാരം ഒരു ദിവസം 4786.85 കോടി രൂപയുടെ വാങ്ങലുകള്‍ക്ക് താല്‍പര്യം കാണിച്ചു, ശേഷിച്ച നാലു ദിവസങ്ങളില്‍ അവര്‍ 12,578 കോടി രൂപയുടെ ഓഹരികള്‍ വില്‍പ്പന നടത്തി. ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ എല്ലാ ദിവസങ്ങളിലും നിക്ഷപത്തിന് ഉത്സാഹിച്ചു, അവര്‍ മൊത്തം 16,578 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. വിനിമയ വിപണിയില്‍ രൂപ 86.83ല്‍നിന്നും 87.15 ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചു വരവില്‍ വാരാന്ത്യം മൂല്യം 86.71 ലേക്ക് കയറി. വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ മൂല്യം 86.36-86.08 റേഞ്ചിലേക്ക് ശക്തിപ്രാപിക്കാന്‍ ശ്രമം നടത്താം. അതേസമയം, ഹൃസ്വകാലയളവിലേക്ക് വീക്ഷിച്ചാല്‍ രൂപ 88 ലേക്ക് ദുര്‍ബലമാകാം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം പുതിയ ഉയരം ദര്‍ശിച്ചു.
ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സിന് 2882 ഡോളറില്‍നിന്നും തൊട്ട് മുന്‍വാരം രേഖപ്പെടുത്തിയ 2942 ഡോളറിലെ റെക്കോഡ് തകര്‍ത്ത് പുതിയ റെക്കോഡായ 2954 ഡോളര്‍ വരെ ഉയര്‍ന്നു. വാരാന്ത്യം 2934 ഡോളറിലാണ്. 2801 ലെ താങ്ങ് മഞ്ഞലോഹം നിലനിര്‍ത്തുവോളം ബുള്ളിഷ് മനോഭാവത്തില്‍ മാറ്റം സംഭവിക്കില്ല.