സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ചു മുഖ്യമന്ത്രി. കൊടുംകുറ്റവാളി ഗോവിന്ദചാമി ജയില്‍ ചാടിയ പശ്ചാത്തലത്തിലാണ് നടപടി. നാളെ രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായി യോഗം ചേരും.

പൊലീസ് മേധാവി,ജയില്‍ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മറ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഗോവിന്ദചാമി ജയില്‍ചാടിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിന്റെ ഗൗരവ സ്വഭാവം പരിഗണിച്ചുകൊണ്ട് അടിയന്തിര യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

സംസ്ഥാനത്തെ ജയിലുകളിലെ കാര്യക്ഷമതയടക്കമുള്ള കാര്യങ്ങളായിരിക്കും പ്രധാനമായി പരിശോധിക്കുക. സുരക്ഷാവീഴ്ച അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ഇന്ന് ജയില്‍ മേധാവി കണ്ണൂരിലെത്തി ഒരു യോഗം വിളിക്കാന്‍ തീരുമാനിച്ചതിനിടെയാണ് ഗോവിന്ദചാമി രക്ഷപെടുന്നത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ഉദ്യോഗസ്ഥര്‍ അറിഞ്ഞത് നാല് മണിക്കൂറിന് ശേഷം. സെല്ലിലെ കമ്പി മുറിച്ച് പുറത്ത് കടക്കാന്‍ പ്രതി നടത്തിയ ഒന്നരമാസത്തെ തയ്യാറെടുപ്പും ഉദ്യോഗസ്ഥര്‍ അറിഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിലും ഗുരുതര വീഴ്ചയെന്നാണ് വിവരം. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *