തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ദി ലെജന്‍ഡ് ഡോക്യുമെന്‍ററി വിവാദമായതോടെ വിശദീകരണവുമായി സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ. സർക്കാരിന്‍റെ ഭരണ നേട്ടമാണ് ചിത്രീകരിക്കുന്നത്. വ്യക്തിപൂജയല്ല ഡോക്യുമെന്‍ററിയിലുള്ളത്. ഡോക്യുമെന്‍ററി നിർമ്മിക്കാനുള്ള തീരുമാനം സംഘടന ഒറ്റക്കെട്ടായി എടുത്തതാണ്. സംഘടനയുടെ ഫണ്ടിൽ നിന്നാണ് പണം നൽകുന്നതെന്നും നേതൃത്വം വിശദീകരിച്ചു
കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ചത്തി ഡോക്യുമെന്ററി എത്തുന്നത്. പതിനഞ്ച് ലക്ഷം ചെലവ്, നേമം സ്വദേശിയാണ് സംവിധായകന്‍. നേതാവിന്റെ ജീവചരിത്രവും ഭരണ നേട്ടങ്ങളും നേതൃപാടവവും ഉള്‍ക്കൊള്ളുന്നതാണ് പ്രമേയം. തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്‌ളോയീസ് അസോസസിയേഷന്‍ ഡോക്യുമെന്ററി ഒരുക്കുന്നത്.
നേരത്തെ അസോസിയേഷന്‍ സുവര്‍ണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോള്‍ കേള്‍പ്പിക്കാന്‍ തയ്യാറാക്കിയ വാഴ്ചത്ത് പാട്ട് വിവാദമായിരുന്നു . വ്യക്തിപൂജ വിവാദം സിപിഎമ്മില്‍ വലിയ ചര്‍ച്ചയായിരിക്കുമ്പോഴായിരുന്നു പിണറായിക്കായുള്ള വാഴ്ത്ത് പാട്ടിറക്കിയത്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടന നടത്തുന്ന പരിപാടിയില്‍ ഡോക്യുമെന്ററി പുറത്തിറക്കും