സ്വന്തം നാട്ടുകാരുടെ മുന്നില്‍ ഫോം വീണ്ടെടുക്കാന്‍ സഞ്ജു എത്തി

തിരുവനന്തപുരം: ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം കളിക്കുന്നതിനായി ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകള്‍ തിരുവനന്തപുരത്ത് എത്തി. ഗ്രീന്‍ഫീല്‍ഡ് (ദി സ്‌പോര്‍ട്‌സ് ഹബ്) സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം. വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ സഞ്ജു വി സാംസണ്‍ സ്വന്തം നാട്ടില്‍ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും ഓപ്പണറുടെ റോളിലെത്തിയ താരത്തിന് പക്ഷേ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

നാല് മത്സരങ്ങളില്‍ നിന്ന് വെറും 40 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. വിശാഖപട്ടണത്ത് നേടിയ 24 റണ്‍സാണ് ടോപ് സ്‌കോര്‍. ദേശീയ ടീമിനൊപ്പം ഇത് രണ്ടാം തവണയാണ് സഞ്ജു സ്വന്തം നാടായ തിരുവനന്തപുരത്ത് കളിക്കാനെത്തുന്നത്. 2019ല്‍ വിന്‍ഡീസിനെതിരായ ട്വന്റി 20 സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും താരത്തിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല. ഇത്തവണ നാട്ടിലെ അരങ്ങേറ്റം നടക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രത്യേക വിമാനത്തില്‍ വിശാഖപട്ടണത്ത് നിന്ന് ടീമുകള്‍ തിരുവനന്തപുരത്ത് എത്തിയത്. കെസിഎ ഭാരവാഹികളുടെ നേതൃത്വത്തില്‍ മികച്ച സ്വീകരണമാണ് നല്‍കിയത്. ഇന്ത്യന്‍ ടീം കോവളം ലീല റാവിസ് ഹോട്ടലിലും ന്യൂസിലാന്‍ഡ് ടീം നഗരത്തിലെ ഹയാത്ത് റീജന്‍സി ഹോട്ടലിലുമാണ് തങ്ങുന്നത്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ നേരില്‍ക്കാണാന്‍ വിമാനത്താവളത്തിന് പുറത്ത് ആരാധകര്‍ തടിച്ച് കൂടിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ സഞ്ജുവിന് ക്യാപ്റ്റന്‍ സൂര്യ വഴിയൊരുക്കുന്ന ചിത്രം വൈറലാണ്.

ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നു

50,000 കാണികളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിനായുള്ള മുഴുവന്‍ ടിക്കറ്റുകളും റെക്കോഡ് വേഗത്തിലാണ് വിറ്റ് പോയത്. വില്‍പ്പന ആരംഭിച്ച് 24 മണിക്കൂറിനുള്ളിലാണ് സോള്‍ഡ് ഔട്ടായത്. സഞ്ജു ഫാക്ടര്‍ തന്നെയാണ് അതിവേഗ ടിക്കറ്റ് വില്‍പ്പനയ്ക്കുള്ള കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *