ഔട്ടെന്ന് കരുതി തുള‌ളിച്ചാടി സാക്ഷി, പൊട്ടിച്ചിരിച്ച് പിടിച്ചുനിർത്തി ധോണി-വീഡിയോ

മുംബയ്: നിർണായകമായ ട്വന്റി20 സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യ കഴിഞ്ഞദിവസം ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തിയത് ഏഴ് റൺസിനാണ്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇംഗ്ളണ്ട് ബാറ്റർ ഔട്ടായെന്ന് കരുതി മുൻ ഇന്ത്യൻ നായകനായ ധോണിയുടെ ഭാര്യ സാക്ഷി തുള്ളിച്ചാടിയിരുന്നു. സാക്ഷിയെ ചിരിച്ചുകൊണ്ട് ധോണി‌ പിടിച്ചുനിർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

ഇംഗ്ളണ്ടിന്റെ ബാറ്റിംഗിന്റെ 18-ാം ഓവറിൽ ബുംറ പന്തെറിയുന്ന സമയത്താണ് സംഭവം. ആ ഓവറിൽ ബുംറ ആകെ വഴങ്ങിയത് ആറ് റൺസ് മാത്രമാണ്. ഇംഗ്ളണ്ട് ബാറ്റർ സാം കറന് നേരെ ബുംറ ഒരു ഫുൾ ലെംഗ്‌ത് പന്താണെറിഞ്ഞത്. കറൻ അത് തിരികെ ബുംറയുടെ നേരെയടിച്ചു. ബുംറ പന്ത് പിടിച്ചത് കണ്ടതും ധോണിയുടെ ഭാര്യ സാക്ഷി ഇത് ഔട്ടാണെന്ന് കരുതി സന്തോഷംകൊണ്ട് തുള്ളിച്ചാടി. അബദ്ധം മനസിലാക്കിയ ധോണി അത് ഔട്ടല്ലെന്ന് പറഞ്ഞ് കൈകാട്ടി തടഞ്ഞു.

സാക്ഷിയുടെ ആഘോഷം കണ്ട് ധോണിയും ചുറ്റുമുള്ളവരും പൊട്ടിച്ചിരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങൾ ശ്രദ്ധ നേടുകയായിരുന്നു.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കറുടെ മകനായ അർജുൻ ടെൻഡ‌ുൾക്കറുടെ വിവാഹമായിരുന്നു മുംബയിൽ കഴിഞ്ഞദിവസം. ഇതിനായും ഒപ്പം സെമി ഫൈനൽ നേരിൽ കാണാനും എത്തിയതായിരുന്നു ധോണിയും സാക്ഷിയും. സംഭവം നടന്ന ബുംറയുടെ ഈ ഓവറാണ് ഇന്ത്യയ്‌ക്ക് മത്സരം അനുകൂലമാക്കിയത്. പ്ളെയർ ഓഫ് ദ മാച്ചായ സഞ്ജു സാംസൺ ശരിക്കും അംഗീകാരം നൽകേണ്ടത് ബുംറയ്ക്കാണെന്ന് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *