ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ്‌ മുൻ പ്രസിഡന്റ് എൻ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ വാസു അറസ്റ്റിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ വാസു. കേസിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു.

വാസു ദേവസ്വം കമ്മിഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയും വാസുവിന് എതിരായിരുന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തുവരികയായിരുന്നു. രേഖകളിൽ തിരുത്തൽ വരുത്തിയതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ വാസുവിന് മറുപടിയില്ലായിരുന്നു.

ഇന്ന് ഇഞ്ചക്കലിലെ ഓഫീസിൽ വാസുവിനെ വിളിച്ചുവരുത്തുകയും ചോദ്യം ചെയ്‌തതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇന്ന് തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ എന്നിവരാണ് ഇതുവരെ കേസിൽ അറസ്റ്റിലായിട്ടുള്ളത്. എല്ലാം വാസു അറിഞ്ഞുകൊണ്ടാണ് ചെയ്‌തതെന്ന് മുരാരി ബാബുവും സുധീഷ് കുമാറും മൊഴി നൽകിയിട്ടുണ്ട്.

മുൻ തിരുവാഭരണ കമ്മിഷണർ ബൈജുവിന്റെ മൊഴിയും വാസുവിന് എതിരായി.അറസ്റ്റിലായ സുധീഷ്‌കുമാ‌ർ ശബരിമല എക്സിക്യുട്ടീവ് ഓഫീസറും പിന്നീട് വാസുവിന്റെ പി എയുമായി പ്രവർത്തിച്ചിരുന്നു. വാസു രണ്ടുതവണ ദേവസ്വം കമ്മിഷണറായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *