ശബരിമല സ്വർണക്കൊള്ളക്കേസ്; എൻ വാസുവും പുറത്തേയ്ക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മീഷണറുമായ എൻ വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്തത് പഴുതാക്കിയാണ് എൻ വാസു ജാമ്യം നേടിയത്.

റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് ജാമ്യം തേടി വാസു കോടതിയെ സമീപിച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികളിൽ എൻ വാസു അടക്കം ഇതുവരെ അഞ്ചുപേരാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ് ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർക്ക് നേരത്തെ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള കട്ടിള പാളി, സ്വർണം പൊതിഞ്ഞതാണെന്ന് 2019 ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസർ ബോർഡിന് നൽകിയ കത്തിലുണ്ടായിരുന്നു.

ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കി. ഇതാണ് വാസുവിന് കുരുക്കായത്. സ്വർണം പൊതിഞ്ഞ കട്ടിള പാളി ചെമ്പെന്ന പേരിൽ പോറ്റിക്ക് കൈമാറാൻ തീരുമാനിച്ചതിലെ ഗൂഢാലോചനയിൽ നിർണായക പങ്കാണ് വാസുവിനുള്ളതെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. പാളികൾ പോറ്റിക്ക് കൈമാറാൻ ബോർഡ് തീരുമാനിച്ചത് വാസുവിന്റെ ശുപാർശയിലാണ്.2019 ഫെബ്രുവരി 26ന് വാസു നൽകിയ കത്ത് അംഗീകരിച്ചാണ് മാർച്ച് 19ലെ ബോർഡ്‌യോഗം പോറ്റിയുടെ കൈയിൽ പാളികൾ കൊടുത്തുവിടാൻ തീരുമാനിച്ചത്.

ഇതുപ്രകാരം ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വ‌ർണപ്പാളികൾ കടത്തിയത്. ശബരിമലയിലെ സ്വർണപ്പാളികൾ ആദ്യമായി ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു ബോർഡിന്റെ അംഗീകാരത്തിനായി നൽകിയ കത്തിലാണെന്നാണ് കണ്ടെത്തൽ. പിന്നീട് ദ്വാരപാലക ശില്പപാളികളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് ആവർത്തിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *