സമാധാന നൊബേലിന് ട്രംപിനെ പിന്തുണച്ച് റഷ്യ

മോസ്‌കോ: സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ റഷ്യ നാമനിര്‍ദേശം ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഉന്നതോദ്യോഗസ്ഥനായ യുരി യുഷാകോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടിഎഎസ്എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ട്രംപിനെ റഷ്യ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. അതേസമയം, ട്രംപ് ഇക്കൊല്ലത്തെ ജേതാവാകാന്‍ സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി നോബല്‍ പുരസ്‌കാരം നേടാനുള്ള കഠിന പരിശ്രമങ്ങളിലായിരുന്നു ട്രംപ്. ഇക്കാര്യമുന്നയിച്ച് പലകുറി പരസ്യപ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാംവട്ടം അധികാരത്തിലെത്തിയ ശേഷം എട്ട് യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ത്തന്നെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് താന്‍ അര്‍ഹനാണെന്നും ട്രംപ് പറഞ്ഞിരുന്നു.



