കെസിഎ പ്രസിഡൻ്റ്സ് കപ്പ് ക്രിക്കറ്റിൽ റോയൽസിന് തുടർച്ചയായ രണ്ടാം വിജയം

0

ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് കപ്പ് ക്രിക്കറ്റിൽ റോയൽസിന് തുടർച്ചയായ രണ്ടാം വിജയം. ടൈഗേഴ്സിനെ മൂന്ന് വിക്കറ്റിനാണ് റോയൽസ് തോൽപ്പിച്ചത്. മറ്റൊരു മത്സരത്തിൽ പാന്തേഴ്സ് ഈഗിൾസിനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. റോയൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണെടുത്തത്. 30 പന്തുകളിൽ നാല് സിക്സും നാലും ഫോറും അടക്കം 56 റൺസെടുത്ത എം അജ്നാസിൻ്റെ പ്രകടനമാണ് ടൈഗേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 34 റൺസെടുത്ത രോഹൻ നായർ, 26 റൺസെടുത്ത പ്രീതിഷ് പവൻ എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായി. 

റോയൽസിന് വേണ്ടി വിനിൽ ടി എസും, ഫാസിൽ ഫാനൂസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ  റോയൽസ് ഒരു പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. 38 റൺസെടുത്ത ജോബിൻ ജോബിയും 26 റൺസെടുത്ത റിയ ബഷീറും ചേർന്ന് തകർപ്പൻ തുടക്കമാണ് റോയൽസിന് നൽകിയത്. മധ്യനിരയിൽ 35 റൺസെടുത്ത ഷോൺ റോജറും 30 റൺസെടുത്ത ക്യാപ്റ്റൻ അഖിൽ സ്കറിയയും മികച്ച പ്രകടനം കാഴ്ച വച്ചു. അവസാന ഓവറുകളിൽ 12 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ജെറിൻ പി എസിൻ്റെ പ്രകടനമാണ് റോയൽസിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ടൈഗേഴ്സിന് വേണ്ടി സുധേശൻ മിഥുൻ മൂന്നും ബിജു നാരായണൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

രണ്ടാം മത്സരത്തിൽ ഈഗിൾസിനെതിരെ ആറ് വിക്കറ്റിനായിരുന്നു പാന്തേഴ്സിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഈഗിൾസിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സ് 15ആം ഓവറിൽ ലക്ഷ്യത്തിലെത്തി. 50 റൺസെടുത്ത ഭരത് സൂര്യയാണ് ഈഗിൾസിൻ്റെ ടോപ് സ്കോറർ. 23 പന്തുകളിൽ നിന്ന് 40 റൺസെടുത്ത സിജോമോൻ ജോസഫും 25 പന്തുകളിൽ നിന്ന് 35 റൺസെടുത്ത അക്ഷയ് മനോഹറും ഈഗിൾസ് ബാറ്റിങ് നിരയിൽ തിളങ്ങി. പാന്തേഴ്സിന് വേണ്ടി അഖിൻ സത്താർ മൂന്നും ഏദൻ ആപ്പിൾ ടോം രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാന്തേഴ്സിന് എസ് സുബിൻ്റെ തകർപ്പൻ ബാറ്റിങ്ങാണ് അനായാസ വിജയം ഒരുക്കിയത്. 41 പന്തുകളിൽ നാല്  സിക്സും എട്ട് ഫോറും അടക്കം 80 റൺസുമായി സുബിൻ പുറത്താകാതെ നിന്നു. പവൻ ശ്രീധർ 22 റൺസെടുത്തു. ഈഗിൾസിന് വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here