ഹനുമാൻ റാലിക്കും അനുമതി നൽകിയില്ല, കുരിശിൻ്റെ വഴി തടഞ്ഞത് സുരക്ഷയുടെ ഭാഗമായി’; രാജീവ് ചന്ദ്രശേഖർ

0

തിരുവനന്തപുരം : ഓശാന ദിനത്തില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി സ്ഥാപക ദിനാഘോഷത്തിൻ്റെ പൊതുസമ്മേളനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഏപ്രിൽ 11 മുതൽ ഡൽഹിയിൽ സുരക്ഷ ശക്തമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുരക്ഷാ കാരണങ്ങളാലാണ് ഡൽഹി പൊലീസ് കുരിശിൻ്റെ വഴിക്ക് അനുമതി നൽകാത്തതെന്നും അതിൽ മറ്റ് വ്യാഖ്യാനങ്ങൾ കണ്ടെത്തേണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഹനുമാൻ ജയന്തിയോട് അനുബന്ധിച്ചും റാലി നടത്താൻ അനുമതി നൽകിയിരുന്നില്ല. കുരിശിൻ്റെ വഴി തടഞ്ഞതിൽ രാഷ്ട്രീയം കാണേണ്ട എന്നും നുണപ്രചരണം എന്തിന് നടത്തുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചോദിച്ചു. അതേ സമയം മുനമ്പം വിഷയത്തിലും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മുനമ്പത്തെ ജനതയുടെ പ്രശ്നം വർഷങ്ങളായുള്ളതാണ്. മുനമ്പം വിഷയത്തിൽ പരിഹാരം കാണാൻ ആരും ശ്രമിച്ചില്ലെന്നും പരിഹാരം കണ്ടത് നരേന്ദ്ര മോദി മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പത്തുള്ളവർ ആരും മോദിക്ക് വോട്ട് ചെയ്യുന്നവരല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ബില്ല് പാസാക്കിയതുകൊണ്ട് പരിഹാരമാവില്ല എന്നാണ് ഇവിടെയുളള പാർട്ടിക്കാർ പറയുന്നത്. പ്രീണന രാഷ്ട്രീയമാണ് കേരളത്തിലുള്ളവർ സ്വീകരിക്കുന്നത്. കേരളത്തിലേത് ജനങ്ങളോട് നുണ പറഞ്ഞ് അവരെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയമാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.സിഎംആർഎൽ- എക്സാലോജിക് പണമിടപാടിൽ മുഖ്യമന്ത്രി പറഞ്ഞത് കമ്പനിക്ക് ടാക്സ് നൽകിയിട്ടുണ്ടെന്നാണ്.അഴിമതി നടത്തിയിട്ട് ടാക്സ് നൽകി എന്ന് പറയുന്നത് പുതിയ സിദ്ധാന്തമാണോ എന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു

എന്ത് അടിസ്ഥാനത്തിലാണ് പണം കമ്പനിക്ക് കൈമാറിയതെന്നും നിക്ഷേപത്തെക്കുറിച്ചോ തൊഴിലിനെ കുറിച്ചോ ചർച്ചയില്ലെന്നും രാജീവ്ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ മാറ്റം കൊണ്ടുവരണമെന്നും ബിജെപിക്ക് മാത്രമേ സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കൂവെന്നും രാജീവ്ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ രാഷ്ട്രീയത്തിൽ ഒരു വലിയ മാറ്റം കൊണ്ടുവന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. കഴിഞ്ഞ അഞ്ചു പത്തു വർഷംകൊണ്ട് ബിജെപി ഇന്ത്യയെ മികച്ച നിലവാരത്തിലെത്തിച്ചു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഡോണ്ട് വറി’, നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം’; കെ സി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here