ക്യാപ്ടനായി അരങ്ങേറി ഋഷഭ് പന്ത്, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ; ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്

ഗോഹട്ടി: ഗോഹട്ടിയിലെ ബർസാപാറ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ നിർണായകമായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കേറ്റ് പുറത്തിരിക്കുന്ന ശുഭ്മാൻ ഗില്ലിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഗില്ലിന്റെ അഭാവവും പരമ്പര നഷ്ടമാകുമെന്നുള്ളതടക്കം നിരവധി സമ്മർദ്ദങ്ങളാണ് ടീം ഇന്ത്യയെ അലട്ടുന്നത്. ഗൗതം ഗംഭീറിന് നേരെയും വിമർശനം ശക്തമാണ്. ഈ ടെസ്റ്റ് ജയിച്ചില്ലെങ്കിൽ 25 വർഷത്തിനിടെ ഇന്ത്യയ്ക്ക് സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പര നഷ്ടമാകും. ഗോഹട്ടിയിലെ ബർസാപാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ ടെസ്റ്റ് മത്സരമാണിത്.
ദക്ഷിണാഫ്രിക്കയ്ക്ക് ഈ മത്സരത്തിലെ ഒരു സമനില പോലും പരമ്പര വിജയം ഉറപ്പിക്കാൻ സഹായിക്കും. അതേസമയം ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളാണ് വന്നിരിക്കുന്നത്. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം യുവതാരം സായ് സുദർശൻ ടീമിൽ ഇടം നേടി. കൂടാതെ, അക്സർ പട്ടേലിന് പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ടീമിലുണ്ട് . ദക്ഷിണാഫ്രിക്കൻ ടീമിൽ കോർബിൻ ബോഷിന് പകരം സെനുരാൻ മുത്തുസാമിയും കളിക്കും.ഇന്ത്യൻ ടീം സ്വന്തം നാട്ടിൽ കളിക്കാനിറങ്ങുന്ന 28-ാമത് ടെസ്റ്റ് വേദിയാണിത് .
കൊൽക്കത്തയിൽ വിവാദമായത് പിച്ചിന്റെ സ്വഭാവമാണ്. ബർസാപാറയിലെ ആദ്യത്തെ ടെസ്റ്റ് പിച്ച് ഏത് സ്വഭാവമാകും കാണിക്കുകയെന്നത് ഇരു ടീമുകളെയും ആശങ്കയിലാക്കുന്നുണ്ട്. കൊൽക്കത്തയിൽ ഇന്ത്യൻ കോച്ച് ഗംഭീർ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഗോഹട്ടിയിൽ ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചാകുമെന്നാണ് കരുതുന്നത്. പേസർമാർക്കും പിന്തുണ ലഭിച്ചേക്കും. അവസാനദിവസത്തോട് അടുക്കുമ്പോൾ സ്പിന്നർമാർക്കും അനുകൂലമായി മാറാൻ ഇടയുണ്ട്. . .
ഇന്ത്യ പ്ലേയിംഗ് ഇലവൺ: റിഷഭ് പന്ത് (ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ ,കെ.എൽ രാഹുൽ,സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്,ബുംറ, സിറാജ്, ആകാഷ്ദീപ്.ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൺ: ടെംപ ബൗമ (ക്യാപ്ടൻ), ടോണി ഡി സോർസി,എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, റയാൻ റിക്കിൾടൺ,ട്രിസ്റ്റൺ സ്റ്റബ്സ്,കെയ്ൽ വെറാനേ, സുബൈർ ഹംസ,കോർബിൻ ബോഷ്,മാർക്കോ യാൻസെൻ,വിയാൻ മുൾഡർ, സേനുരൻ മുത്തുസ്വാമി , കാഗിസോ റബാദ,കേശവ് മഹാരാജ്,സൈമൺ ഹാർമർ



