പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ സർക്കാർ നിർദേശിച്ചത്.
ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ ഒരുക്കണം. മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്. അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.78 രൂപയും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. പദ്ധതി സ്ഥാപനങ്ങളുമായി സഹകരിച്ച് സ്പോൺസർമാരുടെ സഹായത്തോടെ പുതുക്കിയ മെനു നടപ്പാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാലം മഴക്കാലത്തേയ്ക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആറായിരത്തിലധികം പേരാണ് കമന്റിലൂടെ പ്രതികരിച്ചത്. ഏപ്രിൽ, മെയ് മാസത്തെ അവധിയ്ക്ക് പകരം മൺസൂൺ കാലയളവായ ജൂൺ, ജൂലൈ മാസത്തിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തെ കൂടുതൽ പേരും പിന്തുണയ്ക്കുന്നുണ്ട്.
വേനൽക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിലോ ആലോചനയിലേക്കോ പോകുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് അഭിപ്രായം തേടാനുള്ള മന്ത്രിയുടെ തീരുമാനത്തെയും പ്രശംസിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാർ നിർദേശത്തെ വിമർശിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്ന് KPSTA, AHSTA എന്നീ പ്രതിപക്ഷ അധ്യാപക സംഘടനകൾ അറിയിച്ചു.