നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ലെന്ന് റിപ്പോർട്ട്

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം സ്വരാജ് മത്സരിക്കില്ലെന്ന് റിപ്പോർട്ട്. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയെന്നുമാണ് പുതിയ വിവരം. തൃപ്പൂണിത്തുറ പിടിക്കാൻ വെെപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കൊച്ചി മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എം ബി ഷെെനി വെെപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ് ഷെെനി. നാളത്തെ സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമരൂപം നൽകും.
അതേസമയം, നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായില്ലെങ്കിലും വനിതാ പ്രാതിനിധ്യത്തിൽ കാര്യമായ വർദ്ധനയുണ്ടാവാൻ സാദ്ധ്യത കുറവ്. സിറ്റിംഗ് എംഎൽഎമാരിലെ ഏക വനിത ഉമാ തോമസാണ്. മഹിളാ കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്ണ,ഷാനിമോൾ ഉസ്മാൻ എന്നിവരാണ് നിലവിൽ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുമെന്ന് ഉറപ്പുള്ളവർ.
സിറ്റിംഗ് എംഎൽഎമാർക്കെല്ലാം (പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങൾ ഒഴികെ) സ്ഥാനാർത്ഥിത്വം നൽകണമെന്ന തീരുമാനമുള്ളതിനാൽ , 19 സീറ്റുകളിൽ വനിതകൾക്ക് എത്തിനോക്കാനാവില്ല. മുൻ മന്ത്രി ജയലക്ഷ്മിയെ മാനന്തവാടിയിൽ പരിഗണിക്കുമെന്ന് കേട്ടിരുന്നെങ്കിലും അവസാന റൗണ്ടിൽ പുറത്തായെന്നാണ് അറിയുന്നത്. സുൽത്താൻബത്തേരിയിൽ മത്സരിക്കാൻ അവരോട് നിർദ്ദേശിച്ചെങ്കിലും, ഐ.സി.ബാലകൃഷ്ണൻ സമ്മതം മൂളാത്തതിനാൽ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ സ്ഥാനാർത്ഥിയാവാനാണ് സാദ്ധ്യത.



