മാറ്റത്തിന്റെ തിരയടിച്ച് റെന ഫാത്തിമയും ‘നീന്തി വാ മക്കളെ’യും, മൂന്നാം വയസ്സിൽ

മുക്കം: ഇരവഴഞ്ഞിപ്പുഴയുടെ ഓളങ്ങളിൽ പൊലിഞ്ഞ ജീവനുകൾക്ക് മുന്നിൽ കണ്ണീരോടെയല്ല, മറിച്ച് ആത്മവിശ്വാസത്തോടെയാണ് മുക്കം മുനിസിപ്പാലിറ്റി ഇന്ന് നിൽക്കുന്നത്. പുഴയും തോടും നിറഞ്ഞ മലയോര മേഖലയിൽ മുങ്ങിമരണങ്ങൾ നിത്യവാർത്തയാകുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ‘നീന്തി വാ മക്കളെ’ എന്ന പദ്ധതിയിലൂടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് ഈ നഗരസഭ. ഈ മഹത്തായ ദൗത്യത്തിന് കരുത്തായി നിൽക്കുന്നത് റെന ഫാത്തിമ എന്ന ഏഴുവയസ്സുകാരിയാണ്.

വെറുമൊരു ഏഴുവയസ്സുകാരിയല്ല റെന ഫാത്തിമ. കോഴിക്കോട് കൊടിയത്തൂർ തോട്ടുമുക്കം ഗവ. യുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ മിടുക്കി, തന്റെ മൂന്നാം വയസ്സിലാണ് നീന്തൽ പരിശീലന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മാറിയത്. ഇത്തവണ വേനപ്പാറ സ്വിമ്മിംഗ് പൂളിൽ വെച്ച് നടന്ന ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ഉദ്ഘാടനം റെന നിർവ്വഹിച്ചത് വെറുമൊരു നാട മുറിച്ചല്ല, മറിച്ച് പൂളിലേക്ക് എടുത്തുചാടി നീന്തിക്കൊണ്ടാണ്. ആ ഓരോ ആഴവും നമ്മുടെ മക്കളുടെ സുരക്ഷിതമായ ജീവിതത്തിലേക്കുള്ള ദൂരമാണ്.
റെനയുടെ നീന്തൽ പ്രാവീണ്യവും ഈ മേഖലയിലെ ഇടപെടലുകളും ഇതിനോടകം വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. റെനയുടെ കഴിവിനെക്കുറിച്ച് അറിഞ്ഞ രാഹുൽ ഗാന്ധി അവളെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നേരിട്ട് ക്ഷണിച്ച് അഭിനന്ദിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായിരുന്നു റെന. എല്ലാ സ്കൂളുകളിലും നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് അവൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തു.

മുക്കം ഫയർ സ്റ്റേഷന്റെയും സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെയാണ് നഗരസഭ ഈ പരിശീലനം സംഘടിപ്പിക്കുന്നത്. ആദ്യം പത്താം ക്ലാസ്സിലെ കുട്ടികൾക്കായി തുടങ്ങിയ പദ്ധതി ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ മുകളിലേക്കുള്ള കുട്ടികൾക്കായി വ്യാപിപ്പിച്ചു. പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് സ്പോർട്സ് കൗൺസിൽ നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ലഭിക്കും.
മാധ്യമപ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെ മകളാണ് റെന. തന്റെ ഉമ്മയാണ് റെനയെ നീന്തൽ പഠിപ്പിച്ചത്. “എല്ലാ കുട്ടികളും നീന്തൽ പഠിക്കണം, അതൊരു ലൈഫ് സ്കില്ലാണ്” എന്നതാണ് റഫീഖിന്റെയും കുടുംബത്തിന്റെയും സന്ദേശം. തന്റെ പേരിൽ ചെറുതെങ്കിലും പല മാറ്റങ്ങളും പലയിടത്തായി ഉണ്ടായിട്ടുണ്ടെന്ന സന്തോഷത്തിലാണ് റെനയും റഫീഖും. തങ്ങളുടെ എളിയ ശ്രമങ്ങൾ കൂടുതൽ സ്കൂളുകൾക്കും ആളുകൾക്കും പ്രചോദനമാകട്ടെയെന്നും ഇരുവരും



