മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവർ തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമാണ് എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടികയെന്ന് രമേശ് ചെന്നിത്തല

മോദി-അമിത് ഷാ-പിണറായി വിജയൻ എന്നിവർ തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമാണ് എൻഡിഎയുടെ സ്ഥാനാർത്ഥി പട്ടികയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബിജെപിക്ക് എംഎൽഎമാരെ ഉണ്ടാക്കിക്കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാലക്കാട്, ഏറ്റുമാനൂർ തുടങ്ങിയ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ നോക്കിയാൽ ഈ ഡീൽ ബോധ്യപ്പെടും. ട്വന്റി 20, ബിഡിജെഎസ് സ്ഥാനാർത്ഥി നിർണ്ണയത്തിലും ഈ ഒത്തുകളി ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിനെയോ മോദിയെയോ വിമർശിക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ഈ ഭയം മൂലമാണെന്നും ചെന്നിത്തല പരിഹസിച്ചു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയേണ്ട ചില ചോദ്യങ്ങളുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാനുള്ളതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിശ്വാസ സമൂഹത്തോട് മാപ്പ് പറയാൻ അദ്ദേഹം തയ്യാറാണോ? ശബരിമല സുവർണ്ണക്കൊള്ളക്കേസിൽ പ്രതിയായ പത്മകുമാറിനെ എന്തുകൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഏഴ് കോടിയോളം രൂപ തട്ടിച്ച ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്നും ശബരിമലയെ സർക്കാർ ഒരു ‘കറവപ്പശു’വാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുൻ മന്ത്രി ജി. സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ച ഭാഷ ലജ്ജാകരമാണെന്ന് ചെന്നിത്തല പറഞ്ഞു. ഒരു ‘നവോത്ഥാന നായകന്’ ചേർന്ന ഭാഷയല്ലിത്. പ്രധാനമന്ത്രി മോദിയെ തൃപ്തിപ്പെടുത്താനാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വ്യക്തിപരമായി വിമർശിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ഏറ്റവും കൂടുതൽ നുണകൾ പ്രചരിപ്പിക്കുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



