അനെര്‍ട്ട് സോളാര്‍ പദ്ധതി ക്രമക്കേട്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാരിന് കീഴിലെ പൊതുമേഖല സ്ഥാപനമായ അനെർട്ടിലെ സോളാർ പദ്ധതിയിൽ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനെർട്ടിൽ 100 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. അനെർട്ട് സിഇഒ നരേന്ദ്രനാഥ് വെല്ലൂരിയെ ഒന്നാം പ്രതിയാക്കിയാണ് പരാതി നൽകിയിട്ടുള്ളത്.

കേരളത്തിലെ കർഷകർക്ക് സൗജന്യമായി സൗരോർജ പമ്പുകൾ നൽകാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതിയിൽ അനെർട്ട് കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ചെന്നിത്തല പരാതിയിൽ പറയുന്നുണ്ട്. പദ്ധതിയുടെ തുടക്കം മുതലുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും ടെൻഡറുകളടക്കം അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകളും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

അഞ്ച് കോടിക്കകത്ത് ടെൻഡർ വിളിക്കാൻ അർഹതയുള്ള അനെർട്ട് സിഇഒ 240 കോടി രൂപയുടെ ടെൻഡർ വിളിച്ചതായി ചെന്നിത്തല നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2022 ഓഗസ്റ്റ് പത്തിന് പുറപ്പെടുവിച്ച ആദ്യ ടെൻഡർ മുതൽ ക്രമക്കേടുകളായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് നൽകിയ സോളാർ കമ്പനി ടെൻഡറിൽനിന്നും പിന്മാറിയതിൽ ക്രമക്കേട് ഉണ്ട്. ആദ്യ കരാറിനേക്കാൻ വൻ തുക വ്യത്യാസത്തിലാണ് രണ്ടാം ടെൻഡറിൽ കരാർ സ്വീകരിച്ചത്. ക്രമവിരുദ്ധമായി ഒന്നാം കരാർ റദ്ദാക്കിയപ്പോൾ കമ്പകിൾക്ക് ഒരു നഷ്ടവും വരാതിരിക്കാൻ അനെർട്ട് ശ്രദ്ധിച്ചിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. കോടികളുടെ ക്രമക്കേട് നടന്നത് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അറിവോടെയാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *