തീയറ്ററിൽ ആവേശമായി ലോകേഷ്-രജിനികാന്ത് ചിത്രം, ‘കൂലി’

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ രജനിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തീയേറ്ററുകളിലെത്തി. ‘കൂലി’യുടെ ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മാസ് സ്റ്റൈലിഷ് മോഡിൽ തലൈവർ രജനിയെ സ്ക്രീനിൽ കൊണ്ടുവരാൻ ലോകേഷിന് സാധിച്ചെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
സിനിമ മികച്ചതായിരുന്നെങ്കിലും ലോകേഷിന്റെ ‘വിക്രം’ സിനിമയുടെ അത്രയും എത്തിയില്ല എന്നും പ്രേക്ഷകർ പറയുന്നു. ചിത്രം രജിനികാന്ത് ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണെങ്കിലും ലോകേഷ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ടുകൾ.
നാഗാർജുനയുടെയും സൗബിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സൗബിൻ ഷാഹിറിന്റെ ഇൻട്രോയും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ആദ്യ പകുതി പൂർത്തിയായതോടെ ഗംഭീര പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നും കഥയേക്കാൾ കൂടുതൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലാണ് സംവിധായകൻ ശ്രദ്ധിച്ചതെന്നും മറ്റ് ചിലര്‍ പറയുന്നു.
മാസ് മോഡലിൽ രജനിയെ സ്ക്രീനിൽ കാണിക്കാൻ ലോകേഷിന് സാധിച്ചു. അനിരുദിന്റെ ബിജിഎം കൂടി എത്തുന്നതോടെ സ്ക്രീൻ ആവേശമായി മാറി. ആവേശത്തിന് അനുസരിച്ച് ആദ്യ പകുതി എത്തിക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്. താരങ്ങളെ പ്രസന്റ് ചെയ്യുന്ന രീതിയിൽ യാതൊരു വിട്ടു വീഴ്ചയും ലോകേഷിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സൈമൺ ആയി നാഗാർജുനയും മാസ്സ് ആയി മാറി. പ്രതീക്ഷിച്ച പഞ്ച് ലഭിച്ചില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ തലൈവര്‍ ഈസ് ബാക്ക് എന്നാണ് ആരാധകരുടെ പക്ഷം.