ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും അത്ഭുതപ്പെടാനില്ലെന്ന്;രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതിലും തുടര്‍ന്നുണ്ടായ സംഭവങ്ങളിലും അത്ഭുതപ്പെടാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എങ്കില്‍ക്കൂടി വീഴ്ചയുടെ എല്ലാ പരിധികളും ലംഘിക്കുന്നതായി, അതീവ സുരക്ഷയുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഈ സംഭവമെന്ന് അദ്ദേഹം ആരോപിച്ചു.

കേരളം ചര്‍ച്ച ചെയ്ത ഏറ്റവും പ്രമാദമായൊരു കേസിലെ പ്രതി, ജയിലിലെ സുരക്ഷാ മതില്‍ക്കെട്ടുകള്‍ എങ്ങനെ നിസ്സാരം മറികടന്നു എന്നത് വലിയൊരു ചോദ്യമാണ്. കാരണം ഇയാള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നൊരാള്‍ കൂടിയാണ്. ഗോവിന്ദച്ചാമി സ്വയം രക്ഷപ്പെടുകയായിരുന്നോ, അതോ രക്ഷപ്പെടാന്‍ സഹായിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്.

ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ‘കുറ്റവാളിയെ വീരോചിതമായി പിടികൂടി’ എന്ന വീമ്പിളക്കല്‍ അതീവ ലജ്ജാകരമാണ്.ജയിലില്‍ കുറ്റവാളികള്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് സിപിഎം നേതാക്കള്‍. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരാഴ്ച മുമ്പ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഇതേ ഉദ്യോഗസ്ഥരാണ് 2009ലെ കാരണവര്‍ വധക്കേസിലെ ജീവപര്യന്തം തടവുകാരിയായ ഷെറിന്റെ മോചനത്തിന് തിടുക്കത്തില്‍ സൗകര്യമൊരുക്കിക്കൊടുത്തത്.

ഭരണപക്ഷത്തിന്റെ വനിതാ നേതാക്കളടക്കം, സിപിഎമ്മിന് മുന്‍തൂക്കമുള്ള സമിതി നല്കിയ നല്ലനടപ്പ് സര്‍ട്ടിഫിക്കറ്റാണ് ഷെറിന്റെ മോചനം വേഗത്തിലാക്കിയത്.നിയമങ്ങള്‍ പാലിച്ച് ജീവിക്കുന്ന സാധാരണ പൗരന്മാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വര്‍ഷങ്ങളുടെ രാഷ്ട്രീയവല്ക്കരണത്തിന്റെ ഫലമായി നമ്മുടെ പൊലീസ് സംവിധാനത്തിലുണ്ടായ നിലവാരത്തകര്‍ച്ച കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതിന് മാറ്റമുണ്ടാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *